അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചത് വളരെ നന്നായെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്ക ചെയ്ത ആ കൊലയെ ചൊല്ലി പ്രതിഷേധിക്കേണ്ടതില്ലെന്നും റഷ്യ. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ബിന്‍ ലാദനെ കൊല്ലാന്‍ അമേരിക്കയ്ക്ക് ധാര്‍മിക അവകാശം ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും റഷ്യ തുറന്നടിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് വിവാദമായേക്കാവുന്ന ഈ പ്രസ്താവന ഇറക്കിയത്. റഷ്യന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“ലാദനെ അമേരിക്ക കൊന്നതുമായി ബന്ധപ്പെട്ട് റഷ്യയുടെ നയം വളരെ ലളിതമാണ്. 2001-ല്‍ അല്‍-ക്വൊയ്ദ ലോകവ്യാപാര കേന്ദ്രം ആക്രമിച്ചതിനെ തുടര്‍ന്ന് അമേരിക്കയുടെ സ്വയം പ്രതിരോധം കണക്കിലെടുത്ത് ഐക്യരാഷ്ട്രസമിതി ഒരു പ്രമേയം പാസാക്കുകയുണ്ടായി. ആ പ്രമേയത്തില്‍ പറയുന്നത് സ്വയം പ്രതിരോധത്തിന് അമേരിക്കയ്ക്ക് അവകാശം ഉണ്ടെന്നാണ്.”
“സ്വയം പ്രതിരോധം എന്നതിന് നിയന്ത്രണങ്ങളൊന്നും വയ്ക്കാനാകില്ല. യുഎസിന് ആത്മ പ്രതിരോധാര്‍ഥം ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് യുഎന്‍ ഇറക്കിയ പ്രമേയം ശരിവയ്ക്കുന്നതാണ് ലാദന്‍റെ വധം. ലാദനെ വധിക്കുന്നതിന് അമേരിക്കയ്ക്ക് ധാര്‍മിക അവകാശം ഉണ്ടായിരുന്നു താനും. എന്തായാലും ലാദനെ എങ്ങിനെയാണ് വധിച്ചത് എന്നതിനെ പറ്റി അമേരിക്ക ലോകജനതയോട് വെളിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു.”
“ഇപ്പോള്‍ നിലവിലുള്ള അന്തര്‍ദ്ദേശീയ നിയമം അനുസരിച്ച് ഭീകരവാദവും ഭീകരവാദികളെയും തുടച്ചുനീക്കണം. ആളുകളെ കൊന്നൊടുക്കാന്‍ അണികള്‍ക്ക് കല്‍പന നല്‍കുന്ന എല്ലാ രാഷ്ട്രീയക്കാരെയും വധിക്കണം എന്നാണ് എന്റെ അഭിപ്രായം. ഇതിനുള്ളതാണ് അന്തര്‍ദ്ദേശീയ കോടതി എന്ന് ഞാന്‍ വിശ്വസിക്കുന്നു” - സെര്‍ജി ലാവ്റോവ് പറഞ്ഞു.