ഈജിപ്തില്‍ 683 പേര്‍ക്ക് വധശിക്ഷ

കെയ്‌റോ| Harikrishnan| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (15:18 IST)
ഈജിപ്തില്‍ 683 പേര്‍ക്ക് വധശിക്ഷ. മുസ്ലീം ബ്രദര്‍ഹുഡിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് ബാദി ഉള്‍പ്പടെ 683 പേര്‍ക്കാണ് കോടതി വിധിച്ചത്. കഴിഞ്ഞവര്‍ഷം ഒരു പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച
കേസിലാണ് ശിക്ഷാവിധി. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്
ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നല്‍കുന്നത്. നേരത്തെ വധശിക്ഷ വിധിച്ചിരുന്ന 528 പേരുടെ കേസ് പുനഃപ്പരിശോധിച്ച് അതില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയും ചെയ്തു.

വിധിക്കെതിരേ പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്യുകയോ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പൊലീസുകാരനെ കൊലചെയ്യുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതിന്റെ പേരിലാണ് ഈജിപ്ഷ്യന്‍ കോടതിയുടെ വിവാദ
നടപടി തുടരുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ തെക്കന്‍ പ്രവിശ്യയായ മിനിയയിലുണ്ടായ കലാപത്തില്‍ പങ്കെടുത്ത മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികള്‍ക്കെതിരേയാണ് വിചാരണ നടക്കുന്നത്. കൊലപാതകത്തിനും അക്രമത്തിനും പ്രേരണ ചെലുത്തിയെന്നതാണ് മുഹമ്മദ് ബാദിയ്‌ക്കെതിരേ ചുമത്തിയ കുറ്റം.

പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മോഴ്‌സിയെ അനുകൂലിക്കുന്ന വിഭാഗമാണ്
മുസ്ലീം ബ്രദര്‍ഹുഡ്. ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്
അടുത്തയിടെയാണ്. കഴിഞ്ഞ ജൂലായില്‍ മോഴ്‌സിയെ ഈജിപ്ഷ്യന്‍ സൈന്യം പുറത്താക്കിയതിന് ശേഷം മുഹമ്മദ് ബാദി പിടിയിലാവുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :