മെയ് 21 എത്തി; ലോകാവസാനം സംഭവിക്കുമോ?

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
അന്ധവിശ്വാസം പ്രചരിപ്പിച്ച് കോടിക്കണക്കിന് ആളുകളെ ഭീതിയിലാഴ്ത്താനാകും എന്നതിന്റെ ജീവിച്ചിരിക്കുന്നതിന്റെ ഉദാഹരണമാണ് കാലിഫോര്‍ണിയയിലെ ഓക്‍ലന്‍ഡിലുള്ള ഹരോള്‍ഡ് കാമ്പിംഗ് എന്ന പാസ്റ്റര്‍. ബൈബിള്‍ അരച്ചുകലക്കിക്കുടിച്ച്, കൂട്ടിയും കിഴിച്ചും കക്ഷി പ്രവചിച്ചു, ‘2011-ലെ മെയ് മാസം 21-ന് ലോകം അവസാനിക്കും’ എന്ന്. ഇതിന്റെ അലയൊലികള്‍ ഇങ്ങ് ഇന്ത്യയിലുമെത്തി എന്നതാണ് കൌതുകം. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ മെയ് 21-ന് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുമെന്നും ബാക്കിയുള്ളവര്‍ ‘സമ്പൂര്‍ണ ലോകാവസാനം’ നടക്കുന്ന ഒക്‌ടോബര്‍ 21 വരെ ഭൂമിയില്‍ നരകിച്ച് ജീവിക്കുമെന്നുമാണ് ഇവരുടെ വാദം.

കഴിഞ്ഞ 70 വര്‍ഷത്തെ ബൈബിള്‍ പഠനത്തില്‍ നിന്നാണ് താന്‍ അന്ത്യവിധി ദിനത്തെ കുറിച്ച് മനസ്സിലാക്കിയതെന്നാണ് ഹരോള്‍ഡ് കാമ്പിംഗ് പറയുന്നത്. ഫാമിലി റേഡിയോ എന്ന മതകാര്യ റേഡിയോയുടെ നടത്തിപ്പുകാരനാണ് ഹരോള്‍ഡ്. എഡി 33-ന് ആണ് യേശുവിനെ കുരിശില്‍ തറച്ചത് എന്നും ഈ മെയ് 21 വരുമ്പോള്‍ അതു കഴിഞ്ഞ് 722,500 ദിവസം തികയുമെന്നും ഇദ്ദേഹം സമര്‍ത്ഥിക്കുന്നു. വിശുദ്ധ സംഖ്യകളായ അഞ്ച്, 10, 17 എന്നിവ തുടര്‍ച്ചയായി രണ്ട് തവണ ഗുണിച്ചാല്‍ ലഭിക്കുന്ന സംഖ്യയാണ് 722,500 എന്നും കാമ്പിന്‍ വിശദീകരിക്കുന്നു.

മറ്റൊരു വിശദീകരണവും കക്ഷി തരുന്നുണ്ട്. നോഹ രക്ഷപ്പെട്ട വെള്ളപ്പൊക്കം ഉണ്ടായത് 4990 ബിസിയിലാണ്‌. താന്‍ വെള്ളപ്പൊക്കം കൊണ്ട് ലോകം നശിപ്പിക്കാന്‍ പോവുകയാണെന്ന് ദൈവം നോഹയെ അറിയിച്ചിരുന്നു. ഏഴ് ദിവസം മുമ്പാണ് ഭൂമിയെ നശിപ്പിക്കാനുള്ള തന്റെ പദ്ധതിയെ പറ്റി നോഹയോട് ദൈവം പറഞ്ഞത്. ഈ ഏഴുദിവസമെന്നത് ഏഴായിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്നാണ് ഹരോള്‍ഡിന്റെ നിലപാട്. അതായത് 4990-ന്റെ കൂടെ 7001 വര്‍ഷങ്ങള്‍ കൂട്ടിയാല്‍ 2011 കിട്ടുമെന്ന് സാരം‍. ആളുകളില്‍ ഭീതി വിതയ്ക്കാന്‍ ഹരോള്‍ഡ് ഒറ്റയ്ക്കല്ല. ഒരുഡസനിലധികം പ്രവാചകന്മാര്‍ ഹരോള്‍ഡിനെ പിന്തുണയ്ക്കുന്നുണ്ട്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം ലോകാവസാന പ്രവചനവുമായി പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. ‘കരുതിയിരിക്കുക, മെയ് 21-ന് എല്ലാം അവസാനിക്കും’ എന്ന് എഴുതിവച്ചിട്ടുള്ള പോസ്റ്ററുകള്‍ ദുബായ് നഗരത്തില്‍ നിന്ന് ഈയടുത്ത ദിവസം അധികൃതര്‍ നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍, ഉത്തര്‍പ്രദേശിലെ പിലിഭിറ്റിലും ഇറ്റാവയിലും ഒറീസയിലെ ഭുവനേശ്വറിലും മധ്യപ്രദേശിലെ ബെറ്റൂളിലുമാണ് ലോകാവസാനത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെള്ളപ്പൊക്കം കൊണ്ട് ഭൂമി നശിപ്പിക്കില്ല എന്ന് നോഹയ്ക്ക് ദൈവം ഉറപ്പ് കൊടുത്തിട്ടുള്ളതിനാല്‍ ഇത്തവണത്തെ ലോകാവസാനം നടക്കുക ഭൂമികുലുക്കം കൊണ്ടാണെത്രെ. ശക്തമായ ഭൂമികുലുക്കത്തില്‍ എല്ലാം തകര്‍ന്നു തരിപ്പണമാകുമെന്നും ഭൂമി മുഴുവന്‍ മൃതദേഹങ്ങള്‍കൊണ്ടു നിറയുമെന്നും ഹരോള്‍ഡ് പ്രവചിക്കുന്നു. മെയ് 21-ന് മരിക്കാന്‍ കഴിയുന്ന ആളുകള്‍ ഭാഗ്യം ചെയ്തവരാണ്. കാരണം, അവരുടെ ആത്മാവുകള്‍ നേരെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടും. എന്നാല്‍ മരിക്കാതെ ഭൂമിയില്‍ അവശേഷിക്കുന്നവരുടെ കാര്യമാണ് കഷ്ടം. അഗ്നി കൊണ്ട് ഭൂമിയെ ദൈവം സമ്പൂര്‍ണമായി അവസാനിപ്പിക്കുന്ന ഒക്‌ടോബര്‍ 31 വരെ ഇവര്‍ നരകിച്ച് ജീവിക്കേണ്ടി വരും. വെള്ളവും ഭക്ഷണവും ഇവര്‍ക്ക് ലഭിക്കുകയുമില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :