മാള്‍ട്ട|
JOYS JOY|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (13:44 IST)
തൊള്ളായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ മെഡിറ്ററേനിയന്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്‌റ്റനെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. അപകടത്തില്‍ 800 ഓളം പേര്‍ മരിച്ചെന്ന് ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്.
ടുണീഷ്യക്കാരനായ ക്യാപ്റ്റനും സിറിയക്കാരനായ ജീവനക്കാരനുമാണ് അറസ്റ്റിലായത്. അനധികൃത മനുഷ്യക്കടത്തിനാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്. ക്യാപ്റ്റനെതിരെ നരഹത്യക്കും കേസ് എടുതിട്ടുണ്ട്. ഇറ്റാലിയന്‍ അസിസ്റ്റന്‍റ് പ്രോസിക്യൂട്ടര്‍ റോക്കേ ലിഗൗറി ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ലിബിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നിന്നും കൂടുതല്‍ ബോട്ടുകള്‍ ഇറ്റലിയിലേക്ക് വരുന്നത് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രദ്ധ ചെലുത്തണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. അപകടം നടന്ന് മൂന്നുദിവസം കഴിയുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അള്‍ജീരിയ, ഈജിപ്ത്, ബംഗ്ലാദേശ്, സോമാലിയ, നൈജീരിയ, സെനഗല്‍, മാലി, സാംബിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന 300ഓളം സ്ത്രീകളെയും കുട്ടികളെയും മനുഷ്യക്കടത്തുകാര്‍ നിര്‍ദാക്ഷിണ്യം സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ തടവില്‍ ഇട്ടിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.