ധാക്ക|
WEBDUNIA|
Last Modified ശനി, 28 ഫെബ്രുവരി 2009 (12:19 IST)
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ബംഗ്ലാദേശ് റൈഫിള്‍സ് ആസ്ഥാനത്തും മറ്റ് സൈനിക കേന്ദ്രങ്ങളിലും ബിഡിആര്‍ ജവാന്‍മാര്‍ നടത്തിയ കലാപത്തിലെ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. കലാപം നടത്തിയ സൈനികര്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രൂരമായ കൊലപാതകം നടത്തിയവെരെ വെറുതെ വിടാനാകിലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
കലാപവുമായി ബന്ധപ്പെട്ട് 200 സൈനികരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ആഭ്യന്തര സുരക്ഷാ ചുമതലയുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സാണ് സൈനികരെ അറസ്റ്റ് ചെയ്തത്. കലാപത്തെ കുറിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കലാപത്തില്‍ ബിഡിആര്‍ ഡയറക്ടര്‍ ജനറല്‍ ഷക്കീല്‍ അഹമ്മദ് അടക്കം 56 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ കലാപത്തില്‍ നൂറിലധികം പേര്‍ മരിച്ചതായാണ് അനൌദ്യോഗിക വിവരം. ബിഡിആര്‍ ജവാന്‍മാര്‍ നടത്തിയ രണ്ടു ദിവസത്തെ സമരത്തിനിടെ ഇവര്‍ ബന്ദികളാക്കിയ 130 സൈനിക ഉദ്യോഗസ്ഥരെ കുറിച്ച് ഇപ്പോഴും വിവരമില്ല.
കുറഞ്ഞ ശമ്പളത്തിലും മോശം തൊഴില്‍ സാഹചര്യങ്ങളിലും പ്രതിഷേധിച്ചാണ് രണ്ടായിരത്തോളം ബി ഡി ആര്‍ ജവാന്മാര്‍ കലാപം തുടങ്ങിയത്. ഇവര്‍ പിടിച്ചെടുത്ത സേനാ ആസ്ഥാനം കരസേന വളഞ്ഞതോടെയാണ് കലാപകാരികള്‍ അടങ്ങിയത്.