മയക്കുമരുന്ന് കേസില്‍ ജാക്കി ചാന്റെ മകന് ആറുമാസം തടവ്

ബീജിംഗ്| Joys Joy| Last Modified വെള്ളി, 9 ജനുവരി 2015 (11:58 IST)
മയക്കുമരുന്നു കേസില്‍ ജാക്കി ചാന്റെ മകന് ആറുമാസം തടവ്. വെള്ളിയാഴ്ചയാണ് ജാക്കി ചാന്റെ മകന്‍ ജയ്‌സി ചാനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചുകൊണ്ട് ബീജിംഗിലെ കോടതി ഉത്തരവിട്ടത്. 2, 000 യുവാന്‍ (ഏകദേശം 320 ഡോളര്‍ ) പിഴ അടയ്ക്കാനും ഡോങ്‌ചെംഗ് ഡിസ്ട്രിക്‌ട് പീപ്പിള്‍സ് കോടതി നിര്‍ദ്ദേശിച്ചു.

കറുത്ത ജാക്കറ്റും നീല പാന്റും ധരിച്ചാണ് 32കാരനായ ജയ്സി ചാന്‍ 90 മിനിറ്റ് നീണ്ട വിചാരണയ്ക്ക് ഹാജരായത്.
താന്‍ കുറ്റം ചെയ്തെന്നും ശിക്ഷ അര്‍ഹിക്കുന്നതായും വിചാരണവേളയില്‍ ജയ്സി ചാന്‍ പറഞ്ഞതായി കോടതിയിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നടന്‍ കൂടിയായ ജയ്സിയുടെ വീട് റെയ്ഡ് ചെയ്ത പൊലീസ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 100 ഗ്രാം മരിജുവാന പിടിച്ചെടുത്തിരുന്നു. ജയ്സിക്കൊപ്പം തായ്‌വാന്‍ താരം കെയ് കോ (23) യും പിടിയിലായിരുന്നു.

മയക്കുമരുന്നു ഇടപാടുള്ള പ്രമുഖരെ ഉന്നം വെച്ച് നടത്തിയ മയക്കുമരുന്നു വേട്ടയിലായിരുന്നു ജയ്സി പിടിയിലായത്. താരങ്ങള്‍ മയക്കുമരുന്നും ലഹരിയും കൂടുതലായി ഉപയോഗിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്ന അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ് നടന്നത്.

2009 മുതല്‍ ചൈനീസ് പൊലീസിന്റെ ഔദ്യോഗിക നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അംബാസഡറാണ് ജാക്കി ചാന്‍‍. മകന്റെ പെരുമാറ്റത്തില്‍ താന്‍ ലജ്ജിക്കുന്നതായും ദുഃഖിതനുമാണെന്ന് ജാക്കി ചാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :