പൈലറ്റ് മൂത്രമൊഴിക്കാന്‍ പോയ സമയം കോ പൈലറ്റ് വിമാനം റാഞ്ചി
ജനീവ|
WEBDUNIA|
Last Modified തിങ്കള്‍, 17 ഫെബ്രുവരി 2014 (16:21 IST)
PRO
പൈലറ്റ് മൂത്രമൊഴിക്കാന്‍ പോയ സമയത്ത് വിമാനം റാഞ്ചിയ കോ പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഡിസ് അബാബയില്‍ നിന്നും റോമിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം കോക് പൈലറ്റ് റാഞ്ചി ജനീവയിലിറക്കുകയായിരുന്നു.
റോമിലേക്ക് പറക്കുന്നതിനു പകരം ജനീവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഇയാള്‍ ഒരു കയര്‍ ഉപയോഗിച്ച് കോക്പിറ്റിന്റെ ജനാല വഴി ഇറങ്ങിയാണ് പൊലീസിന് കീഴടങ്ങിയത്. പ്രാദേശിക സമയം രാവിലെ ആറു മണിക്കാണ് വിമാനം ജനീവയിലിറങ്ങിയത്.
ഇ.ടി 702 എന്ന വിമാനത്തിലെ 202 യാത്രക്കാരും ജോലിക്കാരും സുരക്ഷിതരാണെന്ന് എത്യോപ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനം റാഞ്ചിയ വിവരം യാത്രക്കാരാരും അറിഞ്ഞിരുന്നില്ല. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം കോ പൈലറ്റ് തന്നെയാണ് താന്‍ വിമാനം റാഞ്ചിയതായി അധികൃതരെ അറിയിച്ചത്.
വിമാനം ജനീവയ്ക്ക് മുകളില്‍ പറത്തിയ കോപൈലറ്റ് ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കണമെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടുവെന്നും അതിനുശേഷം അഭയം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും ജനീവ വിമാനത്താവള അധികൃതര്‍ പറഞ്ഞു.
എത്യോപ്യയില്‍ ജീവിക്കാന്‍ ഭയമായതിനാലാണ് വിമാനം റാഞ്ചി സ്വിറ്റ്‌സര്‍ലന്‍ഡിനോട് അഭയം ആവശ്യപ്പെട്ടതെന്ന് കോ പൈലറ്റ് അറിയിച്ചതായി ജനീവ പൊലീസ് വക്താവ് എറിക് ഗ്രാന്‍ഡ്ജീന്‍ അറിയിച്ചു.