പാകിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കബ്രാനി റോഡില്‍ വാഹനപരിശോധനക്കിടെ സംശയം തോന്നിയ ടൊയോട്ട കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷം ഡ്രൈവറെ ചോദ്യം ചെയ്യുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളും മറ്റും കുലുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. താലിബാന്റെ ഒരു വിഭാഗത്തിന്റെ ശക്തമായ സ്വാധീനമുള്ള മേഖലയാണ് ഇത്. തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവിക്കേണ്ടിയിരുന്ന വലിയ ചാവേര്‍ ആക്രമണം തടഞ്ഞതെന്ന് സൈന്യവൃത്തങ്ങള്‍ പ്രതികരിച്ചു.