കെമിക്കല്‍ അലിക്ക് വധശിക്ഷ

ബാഗ്ദാദ്| WEBDUNIA| Last Modified ഞായര്‍, 17 ജനുവരി 2010 (14:10 IST)
PRO
മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍റെ വലം കയ്യായിരുന്ന കെമിക്കല്‍ അലിയെ വധശിക്ഷയ്ക്ക് വിധിച്ചു. 1988 ല്‍ കുര്‍ദ്ദുകള്‍ക്ക് നേരെ വിഷവാതകം പ്രയോഗിച്ച് അയ്യായിരത്തോളം കുര്‍ദ്ദുകളെ വധിച്ച കേസിലാണ് അല്‍ ഹസന്‍ അല്‍ മജീദ് എന്ന കെമിക്കല്‍ അലിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

നേരത്തെ 1991 ല്‍ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഷിയ കലാപം ഉണ്ടാ‍ക്കിയതിന് അലിക്ക് വിധിച്ചിരുന്നു. കുര്‍ദ്ദുകളെ കൊന്ന കേസിലും ഇറാഖി സര്‍ക്കാര്‍ അലിക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, നിയമക്കുരുക്കുകളില്‍ പെട്ട് ശിക്ഷ നടപ്പാക്കുന്നത് നീണ്ട് പോകുകയായിരുന്നു.

സ്റ്റേറ്റ് ടെലിവിഷന്‍ ആണ് ശിക്ഷ നടപ്പാക്കാന്‍ അനുമതി ലഭിച്ച കാര്യം പുറത്തുവിട്ടത്. തൂക്കിക്കൊല്ലാനാണ് ഉത്തരവ്. ആക്രമണത്തിലൂടെ 1,82,000 കുര്‍ദ്ദുകളെ കൊന്നൊടുക്കിയെന്നാണ് അലിക്കെതിരെയുള്ള കേസ്. സദ്ദാമിന്‍റെ ഭരണകൂടത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് കുര്‍ദ്ദുകളെ വിഷവാതകം പ്രയോഗിച്ച് കൊന്നൊടുക്കാന്‍ അലി ഉത്തരവിട്ടത്.

സദ്ദാം ഹുസൈന്‍റെ വിശ്വസ്തനും വലം കയ്യുമായിരുന്നു അല്‍ ഹസന്‍ അല്‍ മജീദ്. കുര്‍ദുകള്‍ക്കെതിരായ രാസായുധപ്രയോഗമാണ് കെമിക്കല്‍ അലി എന്ന പേരിനു കാരണം. സദ്ദാമിന്‍റെ നാട്ടുകാരനും ബന്ധുവുമായ അലി ഇറാഖിന്‍റെ നാലു പ്രവിശ്യാ തലവന്‍മാരില്‍ ഒരാളായിരുന്നു. കുവൈത്ത്‌ ആക്രമണത്തിനുശേഷം അവിടത്തെയും ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്നു. ബാത്ത്‌ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ റവല്യൂഷണറി കമാന്‍ഡ്‌ കൗണ്‍സില്‍ ഡയറക്ടറായും അലി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :