ഇറാഖില്‍ നിന്ന് 2010 ഓഗസ്റ്റോടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇറാഖില്‍ നിന്ന് മുഴുവന്‍ സൈനികരേയും പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു. പരിഷ്കരിച്ച ഇറാഖ് നയത്തിലാണ് ഒബാമ സൈനികരെ പിന്‍വലിക്കുന്ന കാര്യം പ്രസ്താവിച്ചിരിക്കുന്നത്.
എന്നാല്‍ 50000ത്തോളം സൈനികരെ ഇറാഖില്‍ തന്നെ നിലനിര്‍ത്തുമെന്നും നയരേഖയിലുണ്ട്. ഇറാഖി സേനയ്ക്ക് പരിശീലനം നല്‍കുന്നതിനും അവരെ സഹായിക്കുന്നതിനുമാണ് ഇത്രയും സൈനികരെ ഇറാഖില്‍ നിര്‍ത്തുന്നത്. ഇറാഖില്‍ നിന്ന് 1,42,000 സൈനികര്‍ 2010 ഓഗസ്റ്റില്‍ പിന്‍മാറുമെന്ന് ഒബാമ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
4,250 അമേരിക്കന്‍ സൈനികര്‍ ഇതുവരെ ഇറാഖില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 650 ബില്യണ്‍ ഡോളറാണ് ഇറാഖിലെ സൈനിക നടപടിയ്‌ക്കുവേണ്ടി അമേരിക്ക ചിലവഴിച്ചത്. ഇറാഖില്‍ അമേരിക്ക കൈക്കൊണ്ട പല നടപടികളും തെറ്റായിരുന്നു എന്ന് വിടവാങ്ങുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് ബുഷ് പറഞ്ഞിരുന്നു. ബാഗ്ദാദിലെ അമേരിക്കന്‍ സേനയുടെ കടന്നുകയറ്റം തെറ്റായിപ്പോയെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.