നിതാരി: കൊഹ്‌ലിക്കും പാന്തറിനും വധശിക്ഷ

ഗാസിയബാദ്| WEBDUNIA| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (15:44 IST)
നിതാരി കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതികളായ മൊനിന്ദര്‍ സിംഗ് പാന്തറിനും‍, സുനില്‍ കോ‌ഹ്‌ലിയ്ക്കും പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. വീട്ടു വേലക്കാരിയായ റിമ്പ ഹല്‍ദറെ (17) ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് പ്രത്യേക സി ബി ഐ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. കോടതി വിധിയില്‍ ഹല്‍‌ദറുടെ കുടുംബാംഗങ്ങള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

പത്തൊമ്പത് പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ ആദ്യത്തെ ശിക്ഷാവിധിയാണ് കോടതി ഇന്ന് പ്രഖ്യാപിച്ചത്. റിമ്പയെ തട്ടിക്കൊണ്ടുപോയതിനാണ്‌ കോഹ്‌ലിക്ക്‌ ശിക്ഷ. തെളിവുകള്‍ നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ്‌ പാന്തറിനെതിരെയുള്ള കുറ്റം.

നോയ്‌ഡ സെക്ടര്‍ 31ലെ പാന്തറിന്‍റെ ഡി അഞ്ചാം നമ്പര്‍ ബംഗ്ലാവിന്‍റെ പിന്നിലുള്ള ഓടയില്‍നിന്ന്‌ അസ്ഥികളും മറ്റ്‌ ശരീരഭാഗങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ രാജ്യത്തെ നടുക്കിയ കൊലപാതകപരമ്പര പുറത്തുവരുന്നത്‌.

തലയോട്ടിയും എല്ലുകളും മറ്റും 57 ബാഗുകളിലായി കെട്ടിയാണ്‌ ഓടയില്‍ നിക്ഷേപിച്ചിരുന്നത്‌. 2006 ഡിസംബറില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണമാരംഭിച്ച നോയ്‌ഡ പോലീസില്‍നിന്ന്‌ പിന്നീട്‌ സി.ബി.ഐ. കേസ്‌ ഏറ്റെടുക്കുകയായിരുന്നു.

കേസില്‍ 2007 മെയ്‌യിലാണ് സി ബി ഐ പ്രത്യേക ഗാസിയാബാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2006 ഡിസംബര്‍ മുതല്‍ മൊനിന്ദര്‍ സിംഗ് പാന്തറുമായും കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 19 കേസുകളാണ് സി ബി ഐ രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്.

താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കോഹ്‌ലി നേരത്തെ കോടതി മുമ്പാകെ സമ്മതിച്ചിരുന്നു. ലൈംഗിക ആവശ്യത്തിനായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നും മൃതദേഹങ്ങളുമായി പോലും താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ഇയാള്‍ നാര്‍കൊ അനാലിസിസ് പരിശോധനയില്‍ സമ്മതിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :