കാനഡയില്‍ ശീതക്കാറ്റ് തുടരുന്നു

ടൊറന്റോ| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (12:28 IST)
PRO
കാനഡയില്‍ ഉണ്ടായ കനത്ത ഹിമക്കാറ്റിലും മഞ്ഞുമഴയിലും വൈദ്യുതിബന്ധവും ഗതാഗതവും താറുമാറായതോടെ ജനജീവിതം ദുരിതത്തില്‍. ശക്തമായ കാറ്റ് വീശിയേക്കുമെന്നു മുന്നറിയിപ്പുണ്ട്.

ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇടവരുത്തിയേക്കും. 24 മണിക്കൂറിനുള്ളില്‍ സ്ഥിതി വീണ്ടും വഷളായാല്‍ നഗരത്തില്‍ ‘അടിയന്തര സാഹചര്യം’ പ്രഖ്യാപിക്കുമെന്ന് മേയര്‍ റോബ് ഫോര്‍ഡ് അറിയിച്ചു.

വൈദ്യുതിബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ മൂന്ന് ദിവസം വേണ്ടിവരും. തെരുവുകളിലെയും ആശുപത്രികളിലെയും വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹൈഡ്രോ ടൊറന്റോ അറിയിച്ചു.

റോഡുകള്‍ തെന്നിത്തെറിച്ചു കിടക്കുന്നതിനാല്‍ നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈവേയില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കുറവാണ്. കാല്‍നട യാത്രയും ദുഷ്കരമാണ്.

നഗരത്തില്‍ ആറു കമ്മ്യൂണിറ്റി സെന്ററുകള്‍ വാമിംഗ് സെന്ററുകള്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് വെള്ളവും ഭക്ഷണവും ഉള്‍പ്പെടെ ഇവിടെ വിതരണം ചെയ്യും. ക്രിസ്മസ് രാവിന് മുമ്പ് ടൊറന്റോയില്‍ ജനജീവിതം സാധാരണ നിലയിലാകാന്‍ സാധ്യത കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :