WEBDUNIA|
Last Modified ശനി, 24 ജനുവരി 2009 (10:40 IST)
കശ്മീര്‍ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കില്ലായെന്നും അത് ഇന്ത്യയും പാകും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കേണ്ടതാണെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. കശ്‌മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ വിദേശകാര്യമന്ത്രി ഡേവിഡ് മിലി ബാന്‍ഡ് ഒരു ബ്രിട്ടീഷ് പത്രത്തില്‍ എഴുതിയ ലേഖനം വിവാദമായ പശ്‌ചാത്തലത്തിലാണ് ബ്രിട്ടണ്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യ-പാക് ബന്ധം സാധാരണ നിലയിലാകേണ്ടത് ആ മേഖലയുടെ സുരക്ഷയ്‌ക്ക് ഏറെ ആവശ്യമാണ്. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളോടും തങ്ങള്‍ ആവശ്യപ്പെടുന്നതായും ബ്രിട്ടന്‍ വ്യക്‍തമാക്കി.
തെക്കന്‍ ഏഷ്യയുടെ പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം കശ്‌മീര്‍ ആണെന്നും ഇരു രാജ്യങ്ങളും അത് പരിഹരിക്കാന്‍ താല്പര്യം കാണിക്കുന്നില്ലായെന്നും മിലിബാന്റ് ലേഖനത്തില്‍ ആരോപിച്ചിരുന്നു. അതോടോപ്പം മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് യാതൊരുപങ്കും ഇല്ലായെന്നും ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യ ബ്രിട്ടന്റെ ഈ പ്രസ്താവനകളെ നിഷേധിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍ പുതിയ വിശദീകരണവുമായി രംഗത്ത് എത്തിയത്.