ഓസ്കാര്‍: മികച്ച നടിയ്ക്കുള്ള പുരസ്കാരം തേടി ഒമ്പത് വയസ്സുകാരിയും!

WEBDUNIA|
PRO
PRO
പക്വതയാര്‍ന്ന അഭിനയത്തിലൂടെയാണ് ക്യുവെന്‍സ്‌ഹേന്‍ വാലിസ് എന്ന കൊച്ചുപെണ്‍കുട്ടി ലോകശ്രദ്ധനേടുന്നത്. പ്രതിഭയും ഇരുത്തം വന്ന അഭിനയവും പ്രകടമാക്കി ഹോളിവുഡില്‍ ഉദിച്ചുയര്‍ന്ന ഈ കുഞ്ഞുതാരകം ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഒമ്പത് വയസ്സ് മാത്രമാണ് വാലിസിന്റെ പ്രായം. ‘ബീസ്റ്റ്സ് ഓഫ് ദി സതേണ്‍ വൈല്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ ബാലികയെ ഓസ്കാറിന് പരിഗണിക്കുന്നത്. മികച്ച നടിക്കുള്ള ഓസ്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടി എന്ന റെക്കോര്‍ഡ് വാലിസ് സ്വന്തമാക്കിക്കഴിഞ്ഞു.

അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് വാലിസിനെ ഓഡിഷന് ക്ഷണിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബെന്‍ സെയ്ട്ലില്‍ ഓര്‍ക്കുന്നു. അങ്ങനെ അവള്‍ ഹഷ്ഹപ്പി എന്ന കഥാപാത്രമായി മാറി. ദേഷ്യക്കാരനും അസുഖബാധിതനുമായ ഒരു പിതാവിന്റെ മകളായാണ് അവള്‍ അഭിനയിച്ചത്. മഞ്ഞുമല ഉരുകി ഉണ്ടായേക്കാവുന്ന പ്രളയഭീതിയില്‍ കഴിയുന്ന കുടുംബം. പിതാവ് രോഗബാധിതനായതോടെ അമ്മയെ കണ്ടെത്താന്‍ യാത്ര തിരിക്കുകയാണ് ഹഷ്ഹപ്പി എന്ന നിര്‍ഭയയായ ബാലിക. വളര്‍ത്ത് മൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന കുട്ടിയാണ് ഹഷ്ഹപ്പി.

എണ്‍പത്തിയഞ്ചാമത് അക്കാദമി അവാര്‍ഡുകള്‍ അടുത്ത ആഴ്ചയാണ് പ്രഖ്യാപിക്കുക. ‘ബീസ്റ്റ്സ് ഓഫ് ദി സതേണ്‍ വൈല്‍ഡ്’ നാല് വിഭാഗങ്ങളിലായാണ് ചിത്രം ഓസ്കാര്‍ നോമിനേഷന്‍ നേടിയിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള നോമിനേഷനും ഇതില്‍ ഉള്‍പ്പെടും.

ഓസ്കാര്‍ നോമിനേഷന്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി എന്ന റെക്കോര്‍ഡ് കെയ്ഷ കാസില്‍-ഹഗ്സ് എന്ന നടിയുടെ പേരില്‍ ആയിരുന്നു. 2003ല്‍ പതിമൂന്നാം വയസ്സിലാണ് ‘വെയില്‍ റൈഡര്‍’ എന്ന ചിത്രത്തിലെ പ്രകടത്തിന് അവര്‍ ഓസ്കാര്‍ നോമിനേഷന്‍ നേടിയത്.

തന്റെ മൂന്നാം ചിത്രത്തില്‍ അഭിനയിക്കുകയാണ് വാലിസ് ഇപ്പോള്‍. ബ്രാഡ് പിറ്റിനൊപ്പമുള്ള ‘12 ഇയേഴ്സ് എ സ്ലേവ്’ എന്ന ചിത്രമാണിത്.

വാലിസ് ഓസ്കാര്‍ പുരസ്കാരം നേടാം, നേടാതിരിക്കാം. പക്ഷേ ഭാവിയില്‍ സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ തനിക്ക് കഴിയും എന്ന് അവള്‍ തെളിയിച്ചുകഴിഞ്ഞു എന്ന് ഏവരും സമ്മതിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :