ഒടുവില്‍ ഷാവേസും ട്വിറ്ററിലെത്തി

കരാക്കസ്| WEBDUNIA|
PRO
വെനസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസും ട്വിറ്ററിലെത്തി. തന്‍റെ ഓണ്‍ലൈന്‍ എതിരാളികളെ തറപറ്റിക്കുക എന്ന ലക്‍ഷ്യത്തോടെയാണ് കമ്മ്യൂണീസ്റ്റ് നേതാവായ ഷാവേസ് ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ദീര്‍ഘമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഷാവേസ് തന്‍റെ ചിന്തകള്‍ 140 അക്ഷരങ്ങളില്‍ എങ്ങനെ ഒതുക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സൈബര്‍ ലോകം. ഇന്നലെ അര്‍ധരാത്രിയാണ് ഷാവേസ് തന്‍റെ പുതിയ ട്വിറ്റര്‍ അക്കൌണ്ട് പുറത്തു വിട്ടത്.

‘chavezcandanga’ എന്ന പേരിലാണ് ഷാവേസ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് നോക്കിനടത്താനായി ഒരു ടീമിനെയും ഷാവേസ് നിയമിച്ചിട്ടുണ്ട്. ഷാവേസിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ആദ്യ ദിവസം തന്നെ സൂപ്പര്‍ ഹിറ്റായി എന്നാണ് റിപ്പോര്‍ട്ട്. ഒരു ട്വീറ്റ് പോലും ചെയ്യുന്നതിനു മുന്‍പ് തന്നെ ഷാവേസിനെ പിന്തുടരുന്നവരുടെ എണ്ണം 18000 ആയി.

ആഗോള സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ച നാണയപ്പെരുപ്പവും വിലക്കയറ്റവും കാരണം തന്‍റെ ജനപ്രീതിയില്‍ കാര്യമായ ഇടിവ് തട്ടിയിട്ടുണ്ടെന്ന് ഷാവേസ് മനസ്സിലാക്കിയിരുന്നു. തന്‍റെ എതിരാളികളെല്ലാം സൈബര്‍ ലോകത്തെ പുലികളാണു താനും. ഓണ്‍ലൈന്‍ സമൂഹത്തിനിടയ്ക്ക് ഇവര്‍ ഷാവേസിന്‍റെ തിരിച്ചടികള്‍ ആഘോഷിക്കാന്‍ തുടങ്ങിയതാണ് സോഷ്യലിസ്റ്റ് നേതാവിനെയും ട്വിറ്ററിലേക്ക് ആകര്‍ഷിച്ചത്.

1998ലാണ് ഷാവേസ് വെനസ്വേലയുടെ പ്രസിഡന്‍റായി അധികാരമേറ്റത്. ജനങ്ങളുമായുള്ള ആ‍ശയവിനിമയത്തിന് റേഡിയോ, ടെലിവിഷന്‍ പ്രസംഗങ്ങളെയായിരുന്നു ഷാവേസ് ഇതുവരെ ആ‍ശ്രയിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളില്‍ ടെലിവിഷനിലൂടെ ഷാവേസ് ജനങ്ങളുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രസംഗം ഏഴു മണിക്കൂറാണ് നീണ്ടു നിന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :