ഇറ്റലിയില്‍ ലിബിയന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 250 പേര്‍ മരിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്.
ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് കരുതുന്നു. 47 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണ സേന രക്ഷപെടുത്തി. ബോട്ടില്‍ 40 സ്ത്രീകളും അഞ്ച് കുട്ടികളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍, രണ്ട് സ്ത്രീകളെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്.
സൊമാലിയ, ബംഗ്ലാദേശ്, നൈജീരിയ, ഛാഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചവരില്‍ അധികവും.
ലാംപെഡുസ ദ്വീപിന് 65 കിലോമീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ബോട്ടില്‍ മുന്നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥയിലും ഇറ്റാലിയന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.