ഇന്ത്യയും സൗദിയും ഹജ്ജ് കരാറില്‍ ഒപ്പ് വച്ചു

ജിദ്ദ| WEBDUNIA|
PRO
ഇന്ത്യ-സൗദി ഹജ്ജ് കരാറില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും സൗദി ഹജ്ജ് മന്ത്രി ബന്ദര്‍ അല്‍ ഹജ്ജാറും ഒപ്പുവെച്ചു. ബന്ദര്‍ അല്‍ ഹജ്ജാറിന്റെ ജിദ്ദയിലെ ഓഫീസില്‍ വെച്ചാണ് ഹിജ്‌റ വര്‍ഷം 1435ലെ ഹജ്ജിനായുള്ള കരാറില്‍ ഒപ്പുവെച്ചത്. ഹജ്ജ് വേളയില്‍ സൗദി അധികൃതരുടെ ഭാഗത്തുനിന്നുള്ള സേവനങ്ങളെ ഇ.അഹമ്മദ് പ്രകീര്‍ത്തിച്ചു.

ഹജ്ജ് വേളയില്‍ സൗദി അധികൃതരുടെ ഭാഗത്തുനിന്നുള്ള സേവനങ്ങളെ ഇ.അഹമ്മദ് പ്രകീര്‍ത്തിച്ചു. ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയില്‍ ഹജ്ജ് മന്ത്രിയും നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വകാര്യ ഗ്രൂപ്പുകളുടേതുള്‍പ്പെടെ 1,70,000 പേര്‍ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇതില്‍ സൗദി ഹജ്ജ് മന്ത്രാലയം 20 ശതമാനം കുറവ് വരുത്തി. തുടര്‍ന്ന് 1,35,938 തീര്‍ഥാടകരാണ് ഇന്ത്യയില്‍നിന്ന് ഹജ് നിര്‍വഹിക്കാനെത്തിയത്.

ഇതില്‍ 1,21,420 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 14,600 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു. ഹറം വികസനം നടക്കുന്നതിനാല്‍ വിദേശ ഹജ് ക്വാട്ടയില്‍ 20 ശതമാനത്തിന്റേയും ആഭ്യന്തര ക്വാട്ടയില്‍ 50 ശതമാനത്തിന്റേയും കുറവ് ഈ വര്‍ഷവും തുടരുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇ. അഹമ്മദിനൊപ്പം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൈസര്‍ ശമീം, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ അതുര്‍ റഹ്മാന്‍, വിദേശ കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി മിര്‍ദുല്‍ കുമാര്‍, ഹജ്ജ് ഡയറക്ടര്‍ എ.കെ.കൗശിക്, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ പൂജ ജിന്‍ഡാല്‍, ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു, കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി, ഹജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് തുടങ്ങിയവരും കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :