ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സുസിലോ ബംബാംഗ് യുധോയോനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ പ്രതിപക്ഷ നേതാവ് മേഘാവതി സുകര്‍ണോപുത്രി ഭരണഘടനാ കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. ജൂലൈ എട്ടിന് നടന്ന തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
കുറഞ്ഞ വോട്ടുകള്‍ക്കാണ് മേഘാവതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് യുധോയോനോയോട് പരാജയപ്പെട്ടത്. 2004ലും ഇന്തോനേഷ്യയുടെ മുന്‍പ്രസിഡന്‍റ് കൂടിയായ മേഘാവതി പരാജയപ്പെട്ടിരുന്നു. ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യ നായകന്‍ സുകര്‍ണോയുടെ മകളാണ് മേഘാവതി.
ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിന് വീണ്ടും തെരഞ്ഞെപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി അവരുടെ നിയമോപദേശകന്‍ ആര്‍ട്ടേരിയ ദലാന്‍ പറഞ്ഞു. വിജയം അംഗീകരിക്കാനാവില്ലെന്നും വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. 25 പ്രവിശ്യകളില്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നമുണ്ട്. ഈ മേഖലകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വോട്ടര്‍പ്പട്ടിക കൃത്യത ഇല്ലാത്തതായിരുന്നുവെന്നും ഡെമോക്രാറ്റുകള്‍ ബാലറ്റ് പേപ്പറില്‍ കൃത്രിമം നടത്തിയതായും മേഘാവതി ആരോപിച്ചിട്ടുണ്ട്. ഏപ്രിലില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനെതിരേയും അവര്‍ പരാതി നല്‍കിയിരുന്നു.