തെര. മാര്‍ച്ച് ആദ്യം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (09:57 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തും.

രാജ്യത്തെ സുരക്ഷാ സ്ഥിതികള്‍ വിലയിരുത്താനാണ് കമ്മീഷന്‍ അംഗങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. ഇതിനുശേഷമേ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായാണ് നടത്തേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുകയുള്ളു.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഒറീസ, ആന്ധ്ര, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്തേണ്ടതുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര ടെലികോം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് സമയത്തെ തടസ്സമില്ലാത്ത നെറ്റ്‌‌വര്‍ക്ക് ലഭ്യതയെക്കുറിച്ചാണ് ഇവര്‍ പ്രധാനമാ‍യും ടെലികോം മന്ത്രാലയവുമായി ചര്‍ച്ച നടത്തിയത്. പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളുമായും കമ്മീഷന്‍ ചര്‍ച്ച നടത്തിയതിനുശേഷമായിരിക്കും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :