ആണവ വിമുക്ത ലോകത്തിന് ചൈനയുടെ ആഹ്വാനം

ന്യൂയോര്‍ക്ക്| WEBDUNIA|
ആണവവിമുക്ത ലോകം വേണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ആശയത്തിന് ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്‍റാവോയുടെ പിന്തുണ. യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഹൂ ജിന്‍റാവോ ആണവ വിമുക്ത ലോകം വേണമെന്നും ആണവായുധങ്ങള്‍ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടത്.

ആണവ നിരായുധീകരണം സബന്ധിച്ച് യുഎന്‍ സുരക്ഷാ സമിതിയുടെ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായാണ് ഹൂവിന്‍റെ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്. ഒബാമയാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്.

ആണവായുധങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്നും നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആണവ നിരായുധീകരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണ്. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിച്ച് ആണവോര്‍ജ്ജത്തിന്‍റെ സമാധാനപരമായ ഉപയോഗം പരിപോഷിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനുമാണ് നിര്‍ദ്ദേശിക്കുന്നതെന്ന് ഹൂ ജിന്‍റാവോ പറഞ്ഞു

യുഎസ്, ചൈന, റഷ്യം ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവയാണ് പ്രഖ്യാപിത ആണവ രാജ്യങ്ങള്‍. എന്നാല്‍, ആണവ പരീക്ഷണ നിരോധന കരാര്‍ (സി ടി ബി ടി) യുഎസും ചൈനയും ഇതുവരെ അംഗീകരിച്ചിട്ടില്ല. സി ടി ബി ടിയില്‍ ഒപ്പിടുന്നതിനുള്ള സന്നദ്ധത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഹൂ ജിന്‍റാവോ പ്രസംഗത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചില്ല.

ചൈനയിലെ വംശീയ, മനുഷ്യാവകാശ, മതപരമായ പ്രശ്നങ്ങള്‍ക്ക് ഹൂജിന്‍റാവോ പ്രസംഗത്തില്‍ മറുപടി പറഞ്ഞു. സാംസ്കാരിക പൈതൃകം, സാമൂഹ്യ വ്യവസ്ഥിതി, മൂല്യങ്ങള്‍ എന്നിവയിലെ വ്യത്യാസങ്ങള്‍ അംഗീകരിക്കണമെന്നും വികസനപാതകള്‍ തെരഞ്ഞെടുക്കാനുള്ള ഓരോ രാജ്യത്തിന്‍റേയും അവകാശം ബഹുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :