മെല്‍ബണ്‍|
WEBDUNIA|
Last Modified വ്യാഴം, 22 ജൂലൈ 2010 (11:43 IST)
കഴിഞ്ഞ തിങ്കളാഴ്ച ഓസ്ട്രേലിയയില്‍ ആക്രമണത്തിന് ഇരയായ ഭരത് ഥാപ്പര്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അഞ്ച് ആഴ്ച സമയത്തേക്ക് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനാവില്ല. ആക്രമണത്തെ തുടര്‍ന്ന് താടിയെല്ലില്‍ നാലിടത്ത് ഉണ്ടായ പൊട്ടലാണ് ഭരത്തിനെ ഈ നിലയിലാക്കിയത് എന്ന് “ദ ഏജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രി മെല്‍ബണിലെ തെക്കന്‍ ഓക്‍ലീയിലൂടെ സുഹൃത്തിനൊപ്പം കാറില്‍ വന്ന ഭരത്ത് മറ്റൊരു ഇന്ത്യക്കാരന്‍ ആക്രമണത്തിന് ഇരയാവുന്നത് കണ്ടാണ് കാര്‍ നിര്‍ത്തിയത്. ഇന്ത്യക്കാരനെ രക്ഷിക്കാനെത്തിയ ഭരത്തിനെ ആറംഗ സംഘം ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു.
ഓസ്ട്രേലിയ വിട്ടു പോകാന്‍ ആജ്ഞാപിച്ചു കൊണ്ടായിരുന്നു അക്രമി സംഘം ഭരത്തിനെ ആക്രമിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. അവശനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മൊണാഷ് മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു എന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു.