നാറ്റ്വെസ്റ്റ് ഏകദിന പരമ്പര ഇംഗ്ലണ്ട് നേടി. ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. ആവേശകരമായ മൂന്നാം മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കയായിരുന്നു.
ഓസ്ട്രേലിയ നിശ്ചിത അമ്പത് ഓവറില്‍ 212 റണ്‍സിന് പുറത്തായി. ഓപ്പണര്‍ വാട്സണും(61) പെയ്നും (44) മികച്ച തുടക്കമാണ് നല്‍കിയത്. പെയ്ന്‍ പുറത്തായതിന് തൊട്ടുപിന്നാലെ നായകന്‍ റിക്കി പോണ്ടിംഗ് മൂന്ന് റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ മധ്യനിര ബാറ്റ്സ്മാന്മാര്‍ ആരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ക്ലാര്‍ക്ക്(33), വൈറ്റ്(12), ഹസ്സി(21), സ്മിത്ത്(20) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സ്വാന്‍ നാലും ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റ് നേടി.
കുറഞ്ഞ സ്കോര്‍ മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ കൈസ്‌വെറ്ററെ പൂജ്യത്തിന് നഷ്ടമായെങ്കിലും സ്ട്രോസും(87), പീറ്റേഴ്സണും(25) ചേര്‍ന്ന് സ്കോര്‍ ചലിപ്പിച്ചു. കോളിംഗ്‌വുഡ്(40) മോര്‍ഗണ്‍(27) റണ്‍സെടുത്ത് മികച്ചു നിന്നു. നാലുവിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ വിജയം ഉറപ്പാക്കിയ ഇംഗ്ലണ്ടിന് അവസാന ഓവറുകളില്‍ തുടരെ അഞ്ചു വിക്കറ്റാണ് നഷ്ടപ്പെട്ടത്. ഇതോടെ മത്സരം ഓസ്ട്രേലിയക്ക് അനുകൂലമായി.
ഓസീസ് ബൌളര്‍മാര്‍ മൂന്ന് പേരെയാണ് പൂജ്യത്തിന് പുറത്താക്കിയത്. പിന്നീട് അവസാന രണ്ട് ഓവറില്‍ ബ്രസ്നന്‍ രണ്ട് ബൌണ്ടറി നേടിയാണ് ഇംഗ്ലണ്ട് വിജയവും പരമ്പരയും ഉറപ്പാക്കിയത്. ഓസീസിന് വേണ്ടി ഷോണ്‍ ടൈറ്റും ബോളിംഗ്നറും മൂന്ന് വിക്കറ്റ് വീതം നേടി. സ്മിത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.