ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (11:21 IST)
അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി അരുണ്‍ സിംഗ്. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനു ശേഷമായിരിക്കും അരുണ്‍ സിംഗ് അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുക. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന എസ് ജയശങ്കര്‍ കഴിഞ്ഞ ജനുവരി 28ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആയി നിയമിതനായിരുന്നു. ഈ ഒഴിവിലേക്കാണ് അരുണ്‍ സിംഗ് നിയമിതനാകുന്നത്.
അതേസമയം, അരുണ്‍ സിംഗിന്റെ നിയമനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. 1979 ബാച്ചിലെ ഐ എഫ് എസ് ഓഫിസര്‍ ആണ് അരുണ്‍ സിംഗ്. ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തുന്ന പാരീസ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും നിയമനം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ജോയിന്റ് സെക്രട്ടറിയായി അരുണ്‍ സിംഗ് പ്രവര്‍ത്തിച്ചിരുന്നു. 2001 ഓഗസ്റ്റ് മുതല്‍ 2005 ഏപ്രില്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്. ജപ്പാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തോളം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി വാഷിംഗ്ടണിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
വിദേശകാര്യ സെക്രട്ടറി ആയിരുന്ന സുജാത സിംഗിനെ തിടുക്കത്തില്‍ മാറ്റിയായിരുന്നു ജനുവരി 28ന് ജയശങ്കറിനെ ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ചത്.