അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ഭരണം പിടിക്കും!

കാബൂള്‍| WEBDUNIA| Last Modified വ്യാഴം, 2 ഫെബ്രുവരി 2012 (13:42 IST)
ഭീകരവാദത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്റെ ഭരണം പിടിക്കുമെന്ന് നാറ്റോയുടെ രഹസ്യ റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ സഹായത്തോടെ ഭരണം പിടിക്കാനാണ് താലിബാന്റെ നീക്കം. ‘സമാധാനം’ എന്നൊക്കെ നാഴികയ്ക്ക് നാല്‍‌പത് വട്ടം പാകിസ്ഥാന്‍ പറയുന്നുണ്ടെങ്കിലും, അഫ്ഗാന്‍ മണ്ണില്‍ നിന്ന് നാറ്റോ സൈന്യം പിന്‍‌വാങ്ങിക്കഴിഞ്ഞാല്‍ എല്ലാം താലിബാന്റെ കൈകളില്‍ എത്തിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

നാറ്റോ സൈന്യത്തിന്റെ പിടിയിലുള്ള താലിബാന്‍കാരുടെ മൊഴിയെയും മറ്റും ആധാരമാക്കിയുള്ള റിപ്പോര്‍ട്ട് ബ്രിട്ടനിലെ ടൈംസ് പത്രവും ബിബിസിയുമാണ് പരസ്യമാക്കിയത്. മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ എവിടെയാണെന്ന് പാകിസ്ഥാന് കൃത്യമായി അറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പതിനായിരത്തോളം താലിബാന്‍കാരെയും അല്‍ ഖ്വയ്ദക്കാരെയും മറ്റ് തീവ്രവാദികളെയും മുപ്പതിനായിരത്തോളം തവണ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

എന്നാല്‍, നാറ്റോയുടെ റിപ്പോര്‍ട്ട് പടുവങ്കത്തരം ആണെന്നാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. താന്‍ ഇത് തീര്‍ത്തും അവഗണിക്കുന്നതായി പാക് വിദേശമന്ത്രി ഹിന റബ്ബാനി ഖാര്‍ ഹിന റബ്ബാനി പറഞ്ഞു. മിതമായി പറഞ്ഞാല്‍ ഈ റിപ്പോര്‍ട്ട് ബാലിശമാണെന്ന് പാക് വിദേശമന്ത്രാലയ വക്താവ് വെളിപ്പെടുത്തി. 2012-ലെ ആദ്യമാസം അവസാനിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട നാറ്റോ സൈനികരുടെ എണ്ണം 34 ആയി എന്നത് ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :