അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (15:26 IST)
ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ രാഷ്ട്രീയ വിഭാഗം ചുമതല യഹിയ സിന്‍വാറിന് കൈമാറി ഹമാസ്. ചൊവ്വാഴ്ച വൈകിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1,200 ഓളം ഇസ്രായേലികളുടെ ജീവനെടുത്ത ഒക്ടോബര്‍ 7ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹമാസിന്റെ ഗാസ വിഭാഗം ചുമതലയുള്ള യഹിയ സിന്‍വാര്‍. കടുത്ത രാഷ്ട്രീയ സമീപനങ്ങള്‍ക്ക് പേരുകേട്ട സിന്‍വാര്‍ ഹമാസ് തലപ്പത്തെത്തുന്നത് ഇസ്രായേലിനെ ചൊടുപ്പിക്കുമെന്ന് ഉറപ്പാണ്.
പശ്ചിമേഷ്യ യുദ്ധഭീതിയില്‍ നില്‍ക്കെയാണ് ഈ തീരുമാനം എന്നതിനാല്‍ ആശങ്കയോടെയാണ് ലോകം ഈ തീരുമാനത്തെ നോക്കികാണുന്നത്. തിന്മയുടെ മുഖമെന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്ന സിന്‍വാര്‍ ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിലെ ആദ്യ നമ്പറുകാരനാണ്. കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകളോട് അനുകൂല നിലപാടുള്ള വ്യക്തിയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് സിന്‍വാറിന്റെ സമീപനം.