പാം ദെ ഓര്‍ തുര്‍ക്കി ചിത്രം വിന്റര്‍ സ്ലീപ്പിന്

കാന്‍സ്| Last Modified ഞായര്‍, 25 മെയ് 2014 (16:36 IST)
കാന്‍ ചലച്ചിത്രോത്സവത്തില്‍ തുര്‍ക്കി ചിത്രമായ വിന്റര്‍ സ്ലീപ്പ് മികച്ച ചിത്രത്തിനുള്ള പാം ദെ ഓര്‍ പുരസ്‌കാരം നേടി. ജീവിതവും മരണവും നന്മയും തിന്മയും എല്ലാം ഇടകലരുന്ന സൈക്കോളജിക്കല്‍ ചിത്രമാണ് പ്രമുഖ തുര്‍ക്കി സംവിധായകനായ നൂറി ബില്‍ജെ സെയ്‌ലാന്റെ വിന്റര്‍ സ്ലീപ്പ്.

തുര്‍ക്കിയിലെ ആഭ്യന്തര കലാപങ്ങളില്‍ ജീവന്‍വെടിഞ്ഞ യുവാക്കള്‍ക്കായാണ് സെയിലാന്‍ ഈ അവാര്‍ഡ് സമര്‍പ്പിച്ചത്. ജൂലിയാന മൂര്‍ മികച്ച നടിയായും തിമോത്തി സ്പാള്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡിലെ കറുത്ത ഹാസ്യ ചിത്രമായ മാപ്‌സ് ടു ദി സ്റ്റാര്‍സ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജൂലിയാന മൂറിനെ മികച്ച നടിയാക്കിയത്.

മി.ടര്‍ണര്‍ എന്ന ചിത്രത്തില്‍ ബ്രിട്ടീഷ് ചിത്രകാരനായ ജെ.എം.ഡബ്ല്യു ടര്‍ണറെ അവിസ്മരണീയമാക്കിയതാണ് തിമോത്തി സ്പാളിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഗുസ്തി പശ്ചാത്തലമാക്കിയ ഫോക്‌സ്‌കാച്ചര്‍ ഒരുക്കിയ ബെന്നറ്റ് മില്ലറാണ് മികച്ച സംവിധായകന്‍. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് നേടിയത് ആലീസ് റോച്ചര്‍വാച്ചേഴ്‌സിന്റെ ദി വണ്ടേഴ്‌സാണ്. മികച്ച നവാഗതസംവിധായകനുള്ള കാമറ ഡി ഓര്‍ പാര്‍ട്ടി ഗേള്‍ എന്ന ചിത്രം നേടി.

തുര്‍ക്കിയിലെ മലനിരകളില്‍ ഭാര്യക്കും അവരുടെ സഹോദരിക്കുമൊപ്പം ഹോട്ടല്‍ നടത്തുന്ന ഐദിന്റെ വിന്റര്‍ സ്ലീപ്പ് ചിത്രം പറയുന്നത്. മഞ്ഞുകാലത്ത് മഞ്ഞ് വീഴ്ചതുടങ്ങുന്നതോടെ ഹോട്ടല്‍ ഒരു അഭയകേന്ദ്രമായി മാറുന്നു. കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും അവിടെ ധാര്‍മ്മികതയുടെ സ്ഥാനവും ചര്‍ച്ചചെയ്യുന്ന സിനിമയുടെ ദൈര്‍ഘ്യം മൂന്നു മണിക്കൂര്‍ 16 മിനിറ്റാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൂന്നുമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം പാം ദെ ഓര്‍ നേടുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ബ്യൂ ഈസ് ദി വാര്‍മസ്റ്റ് കളര്‍ എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :