ജക്കാര്‍ത്ത|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (14:56 IST)
ഇന്തോനേഷ്യയില്‍ മൌണ്‌ട് സിനാബുഗ് അഗ്നിപര്‍വതം വീണ്‌ടും സജീവമായി. ഇതേത്തുടര്‍ന്നു താഴ്‌വരയില്‍ താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്‌തു.ജൂണ്‍ രണ്‌ടിനാണു വീണ്‌ടും അഗ്നിപര്‍വതത്തില്‍ നിന്നു ചാരവും പുകയും ഉയരുവാന്‍ തുടങ്ങിയത്. വരുന്ന ആഴ്‌ചകളില്‍ അഗ്നിപര്‍വതം കൂടുതല്‍ അപകടകരമായ രീതിയിലേക്കു മാറുമെന്നാണു ശാസ്‌ത്രജ്ഞര്‍ പറയുന്നത്.
തിങ്കളാഴ്‌ച മാത്രം 29 തവണയാണ് അഗ്നിപര്‍വതത്തില്‍ നിന്നും സ്‌ഫോടനത്തെ തുടര്‍ന്നു പാറക്കഷണങ്ങള്‍ ചിതറി ജനവാസ പ്രദേശങ്ങളില്‍ വീണത്. നേരത്തെ ഇത്തരത്തില്‍ പാറക്കഷണങ്ങള്‍ വീണുണ്‌ടായ അപകടത്തില്‍ 14 പേര്‍ മരണമടഞ്ഞിരുന്നു. 2010–ലാണ് ഇതിനു മുമ്പ് മൌണ്‌ട് സിനാബുഗ് സജീവമായത്. അതിനുമുമ്പുള്ള 400 വര്‍ഷം അഗ്നിപര്‍വതം ശാന്തമായി കിടക്കുകയായിരുന്നു.