കാഠ്മണ്ഡു|
VISHNU N L|
Last Modified വെള്ളി, 15 മെയ് 2015 (14:51 IST)
നേപ്പാളില്‍ ദുരാതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിനിടെ കാണാതായ യുഎസ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് സൈന്യം. എന്നാൽ ഇതിലുണ്ടായിരുന്ന സൈനികരെക്കുറിച്ചു വിവരമില്ല. ആരെങ്കിലും രക്ഷപെട്ടോ എന്നതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന്
തിരച്ചില്‍ സംഘങ്ങള്‍ പറയുന്നു. ചൈനീസ് അതിർത്തിയിലാണ് ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആകാശത്തു കൂടി നടത്തിയ തിരച്ചിലിനിടെയാണ്
തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
എന്നാൽ തിരച്ചില്‍ സംഘത്തിന് സ്ഥലത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ആകാശത്തുനിന്നു നോക്കുമ്പോൾ ജീവന്റെ ഒരു സാധ്യതയും കാണുന്നില്ലെന്നാണ് തിരച്ചിലിനു നേതൃത്വം നല്‍കുന്ന മേജർ ജനറൽ ബിനോജ് ബാസ്നെറ്റ് അറിയിച്ചിരിക്കുന്നത്. ഭൂകമ്പം തകർത്ത നേപ്പാളിലെ പല മേഖലകളിലും റോഡുകൾ പൂർണമായും തകർന്നുകിടക്കുന്നതിനാല്‍ കോപ്റ്റര്‍ തകര്‍ന്നു കിടക്കുന്ന സ്ഥലത്തേക്ക് റോഡ് മാര്‍ഗവും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.
മറൈൻ കോർപ് യുഎച്ച് - 1വൈ ഹ്യൂയി ഹെലിക്കോപ്റ്ററാണ്
തകര്‍ന്നത്. അപകട സമയത്ത് യുഎസിന്റെ ആറും നേപ്പാളിന്റെ രണ്ടും സൈനികര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. കോപ്റ്ററില്‍ നിന്ന് ലഭിച്ച അവസാന്‍ സന്ദേശത്തില്‍ ഇന്ധനം കുറയുന്നതായി പറഞ്ഞിരുന്നു. ഇതായിരിക്കാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.