ദാരുണം, ഞെട്ടൽ; ഫ്‌ളോറിഡയിൽ സ്വകാര്യ വിമാനം തകർന്നുവീണ് ഒൻപത് പേർ മരിച്ചു
South Florida Jet Crashes
അമേരിക്കയിലെ ദക്ഷിണ ഫ്‌ളോറിഡയിൽ സ്വകാര്യ ബിസിനസ് വിമാനം ജനവാസ മേഖലയ്ക്ക് സമീപം തകർന്നുവീണ് ഒൻപത് മരണം. ടെക്‌സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനമാണ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 12.50 ഓടെ പാം ബീച്ച് കൗണ്ടിയിലെ ക്രസ്റ്റ്‌ഹേവൻ നെബർഹുഡിന് സമീപം തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിസോർട്ടായ മാർ-എ-ലാഗോയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ മാത്രം അകലെയാണ് അപകടം ഉണ്ടായത്. ടെക്‌സസിലെ ഓസ്റ്റിൻ-ബർഗ്‌സ്‌ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട 'ലിയർജെറ്റ് 60' എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിനും വീടുകൾക്കും തൊട്ടടുത്തായാണ് വിമാനം തകർന്നുവീണത്. വലിയ പൊട്ടിത്തെറിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജെറ്റ് വളരെ വേഗത്തിൽ ഭൂമിയിലേക്ക് പതിക്കുന്നതും നിമിഷനേരം കൊണ്ട് തീഗോളമായി മാറുന്നതും ദൃശ്യത്തിൽ കാണാം. വിമാനം പതിച്ചതിന്റ ആഘാതത്തിൽ റോഡിൽ വലിയൊരു ഗർത്തം രൂപപ്പെടുന്ന സാഹചര്യമുണ്ടായി. അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പ്, ജെറ്റ് സെക്കൻഡിൽ 30 മീറ്റർ വേഗത്തിൽ താഴേക്ക് കുത്തനെ പതിക്കുകയായിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Also Read: എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ ജോലി, വൈഭവ് സൂര്യവംശിയുടെ ഒഴിവാക്കലില്‍ പ്രതികരിച്ച് ഗംഭീര്‍
