ലുക്ക് ഈസ്റ്റ് പോളിസിയുമായി ഇന്ത്യ വിയറ്റ്നാമില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (18:41 IST)
കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം വര്‍ദ്ധിപ്പിക്കാനായി ഇന്ത്യ വിദേശനയം മാറ്റുന്നു. ലുക് ഈസ്റ്റ് പോളിസി എന്ന് പേരിട്ടിരിക്കുന്ന മോഡി സര്‍ക്കാരിന്റെ വിദേശ നയത്തില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വികസനവും സഹകരണവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

വിയറ്റ്നാമുമായി ഇന്ത്യ സഹകരണ ചര്‍ച്ചകള്‍ നടത്തുന്നതിനിടേ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാ‍ണ് ഇക്കാര്യം വിശദീകരിച്ചത്. ലുക്ക് ഈസ്റ്റ് പോളിസിയില്‍ വിയറ്റനാമിന് മുഖ്യപങ്കാണ് വഹിക്കാനുളളതെന്നും സുഷമ വ്യക്തമാക്കി. വിയറ്റ്‌നാമിലെത്തിയ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

വിയറ്റ്‌നാമിന്റെ വികസനത്തിന് ഇന്ത്യന്‍ പ്രവാസികള്‍ നല്‍കിയ സംഭാവനയെ മന്ത്രി പ്രകീര്‍ത്തിച്ചു. പ്രതിവര്‍ഷം 800 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ഇതില്‍ 540 കോടി ഡോളര്‍ വരും ഇന്ത്യയുടെ കയറ്റുമതി.

മൂന്നു ദിവസത്തെ സന്ദര്‍ശിക്കുന്നതിനായാണ് വിദേശകാര്യ മന്ത്രി വിയറ്റ്നാമിലെത്തിയത്. അരി കയറ്റുമതിയില്‍ വിയറ്റ്‌നാമിന് സാങ്കേതിക സഹകരണം നല്‍കുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. സംയുക്തമായി അരികയറ്റുമതി ചെയ്യാനുളള സാധ്യതയും തേടും. നെല്ലുല്‍പാദനം കാര്യക്ഷമമാക്കാന്‍ സാങ്കേതികവിദ്യ കൈമാറുന്നതുള്‍പ്പെടെയുളള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :