കാനോ|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (09:04 IST)
നൈജീരിയയില്‍ സ്കൂള്‍ അസംബ്ലിക്കിടെ ബോക്കോഹറാം ഭീകരര്‍ ചാവേര്‍ സ്ഫോടനം നടത്തി. 50 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വടക്ക്-കിഴക്കന്‍ നൈജീരിയയിലെ പൊതിസ്കൂം നഗരത്തിലുള്ള ഒരു സ്കൂളില്‍ അസംബ്ലിക്കിടെ ചാവേര്‍ പൊട്ടിത്തെറിച്ച് ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സ്കൂള്‍ യൂണിഫോമില്‍ ചാവേര്‍ എത്തിയത്.
അസംബ്ലിക്കിടെ സ്ഫോടനം നടത്തിയതിലൂടെ കഴിയുന്നയത്ര വിദ്യാര്‍ഥികളെ കൊല്ലുകയെന്നതായിരുന്നു ചാവേറിന്റെ ലക്‍ഷ്യമെന്ന് പൊലീസ് പറഞ്ഞു. 10നും 20നും ഇടയിലുള്ള ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ജിഹാദി സംഘടനയാണ് ബോക്കോ ഹറാം. വടക്ക്-കിഴക്കന്‍ മേഖലയില്‍ നിരവധി തവണ സ്കൂളുകള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയും വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു.
ബോക്കോഹറാമുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അടുത്തിടെ നൈജീരിയന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടതിനു പിന്നാലെയും നിരവധി ഭീകരാക്രമണങ്ങള്‍ രാജ്യത്തുണ്ടായി. തിങ്കളാഴ്ച ആക്രമണം നടന്ന പൊതിസ്കൂമില്‍ സ്ഫോടനങ്ങള്‍ അസാധാരണ സംഭവമല്ല. കഴിഞ്ഞയാഴ്ച ഇവിടെ ഷിയാ റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.