ശ്രീ ശ്രീ രവിശങ്കറിനെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി

ക്വാലലംപൂര്‍| VISHNU N L| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (13:48 IST)
ആര്‍ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ അമരക്കാരനായ ശ്രീ ശ്രീ രവിശങ്കറിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധഭീഷണി ഉയര്‍ത്തി. മലേഷ്യയില്‍ നടക്കാന്‍ പോകുന്ന പരിപാടിക്കായി ശ്രീശ്രീ രവിശങ്കര്‍ എത്തുന്ന ഹോട്ടല്‍ മാനേജരിനാണ് വധഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള കത്ത് ഇസ്ലാമിക് സ്റ്റേറ്റ് അയച്ചിരിക്കുന്നത്.

ഐഎസിന്റെ പതാകയുടെയും തലയറുക്കപ്പെട്ട ഒരാളുടെയും ചിത്രം ആലേഖനം ചെയ്തിട്ടുള്ള കത്തില്‍ രവിശങ്കറിനെ മലേഷ്യയില്‍ കാലുകുത്താന്‍ അനുവദിച്ചാല്‍ താങ്കളുടെ ഹോട്ടലും അവരുടെ വേദികളും തകര്‍ത്തു കളയുമെന്നും രവിശങ്കറിനു വേണ്ടി ആയിരങ്ങള്‍ മരിക്കേണ്ടി വരുമെന്നുമാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്ന.
മുസ്ലിം രാജ്യങ്ങളില്‍ രവിശങ്കര്‍ പ്രവേശിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും മധ്യപൂര്‍വ ഏഷ്യയിലെ മുസ്ലിംകളെ മതം മാറ്റാന്‍ രവിശങ്കര്‍ ശ്രമിക്കുന്നു എന്നും കത്തില്‍ ആരോപിക്കുന്നു.

മലേഷ്യയില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ രവിശങ്കറിനെ അനുവദിച്ചാല്‍ ഈ ഹോട്ടല്‍ തകര്‍ക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട് ഐഎസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്താനാണ് രവിശങ്കറിന്റെയും അദേഹം നേതൃത്വം നല്‍കുന്ന ആര്‍ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെയും ശ്രമമെന്നും കത്തില്‍ ആരോപണമുണ്ട്.

ഭീഷണിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ മലേഷ്യന്‍ പൊലീസ് തീരുമാനിച്ചു. മലേഷ്യന്‍ ശിക്ഷാ നിയമത്തില്‍ അഞ്ജാത സന്ദേശങ്ങളിലൂടെ ഭീഷണി ഉയര്‍ത്തുന്നത് കുറ്റകരമാക്കുന്ന 507-)ം
വകുപ്പു പ്രകാരമായിരിക്കും കേസ് അന്വേഷിക്കുകയെന്നും മലേഷ്യന്‍ പൊലീസ് അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :