അപർണ|
Last Updated:
വ്യാഴം, 21 ജൂണ്‍ 2018 (09:57 IST)
ഭർത്താവിനെ കൊന്ന് കാമുകനൊപ്പം പോയ മലയാളി നഴ്സിന് 22 വർഷത്തെ തടവ്. കൂട്ടുപ്രതിയായ കാമുകന് 27 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. വിക്ടോറിയൻ സുപ്രീം കോടതിയാണ് നിർണായകമായ വിധി പ്രഖ്യാപിച്ചത്. ഭർത്താവ് സാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി വിധിച്ചിരുന്നു.
മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13ന് ആണ് എപ്പിങ്ങിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും
സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി.
തുമ്പില്ലാതിരുന്ന കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയത് ഭാര്യ സോഫിയയും കാമുകൻ കമലാസനുമാണെന്ന് തെളിഞ്ഞത്. തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്.
2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇരുവരും റിമാൻഡിലാണ്.