അണമുറിയാതെ അഭയാര്‍ഥിപ്രവാഹം, ജര്‍മ്മനിയും ഓസ്ട്രിയയും അതിര്‍ത്തികള്‍ തുറന്നു

മ്യൂണിച്ച്| VISHNU N L| Last Updated: ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (13:02 IST)
കണ്ണീരണിയിച്ച കുരുന്ന് ഐലാന്റ് തണുത്തു വിറങ്ങിലിച്ച് തീരത്തടിഞ്ഞ മൃതദേഹം ഒടുവില്‍ യൂറോപ്പിന്റെ കണ്ണുതുറപ്പിക്കുന്നു. അതിര്‍ത്തികള്‍ തുറന്ന് അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ചില രാജ്യങ്ങള്‍ തയ്യാറായതൊടെ ആഴ്ചകളായി അഭയമില്ലാതെ അലഞ്ഞു നടന്നവര്‍ ആശ്വാസ തീരമണിഞ്ഞു. ജര്‍മനിയില്‍ എത്തിയ സിറിയന്‍കാര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയും യുറുഗ്വേയും അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള താല്‍പ്പര്യം അറിയിച്ചു.

കല്ലുംമുള്ളും താണ്ടി രക്ഷ തേടി ദിവസങ്ങളോളം നടന്നുവന്നവര്‍ക്ക് ഹംഗറിയിലെത്തിയിട്ടും അവിടെയും നേരിടേണ്ടിവന്നത് ദുരിതമായിരുന്നു. ഹംഗറിയില്‍ വഴിയരികിലും ബസ്സുകളിലുമായി ദിവസങ്ങളോളം കഴിയേണ്ടിവന്നത് ആയിരങ്ങള്‍ക്കാണ്. ഇതിനിടെ ഹംഗറി അതിര്‍ത്തി അടച്ച് വച്ചത് പ്രശ്ബന്‍ കൂടുതല്‍ രൂക്ഷമാക്കി. രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതൊടെ തടഞ്ഞുവച്ചവര്‍ക്ക് രാജ്യം വിടാന്‍ ഹംഗറി അനുമതി നല്‍കി.ഹംഗറി വിലക്ക് നീക്കിയതോടെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ വിയന്നയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഓസ്ട്രിയയും ജര്‍മ്മനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായത്. ഹംഗറിയില്‍ നിന്നും 10,000 ത്തോളം അഭയാര്‍ഥികള്‍ ഓസ്ട്രിയയിലെത്തി. കാല്‍നടയായി ഹംഗറിയിലെത്തിയ ഇവരെ ഓസ്ട്രിയന്‍ അതിര്‍ത്തിവരെ ബസ്സിലാണ് അധികാരികള്‍ എത്തിച്ചത്. ഇപ്പോഴും അഭയാര്‍ഥികള്‍ ഓസ്ട്രിയ ലക്ഷ്യമാക്കിയുള്ള കാല്‍നടയാത്രയിലാണ്.

ഓസ്ട്രിയയിലെത്തിയവരില്‍ ഏറെപ്പേരും ജര്‍മനി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. സിറിയയില്‍ നിന്ന് മാത്രം തുര്‍ക്കി വഴി 10,000 ത്തോളം പേരെത്തുമെന്നാണ് ഓസ്ട്രിയയുടെ കണക്കുകൂട്ടല്‍. ആസ്ട്രിയയിലെ വിയന്നയില്‍ എത്തിയ ആറായിരത്തോളം അഭയാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക വാഹന സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. വസ്റ്റ് ബാഹോവ് നഗരത്തിലാണ് ഇവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയിരുന്നത്.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് സ്വീഡനും തയ്യാറായിട്ടുണ്ട്. ഇവിടെ നടത്തിയ ഹിതപരിശോധനയില്‍ 77 ശതമാനം പേരും അഭയാര്‍;ഥികളെ സ്വകീരിക്കണം എന്ന അഭിപ്രായക്കാരായിരുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അനുകൂല നിലപാടിലേക്ക് വരികയാണ്. അതേസമയം ഇപ്പോഴും ചിലരാജ്യങ്ങള്‍ അഭയാര്‍ത്തികളെ ഏറ്റെടുക്കില്ല എന്നാണ് പറയുന്നത്. ഇത്തരം ചില രാജ്യങ്ങള്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായതോടെ അതിര്‍ത്തികളില്ലാതിരുന്ന യൂറോപ്യന്‍രാജ്യങ്ങള്‍ മുള്ളുവേലികെട്ടി അതിര്‍ത്തിതിരിച്ചു.

ആഴ്ചാവസാനത്തോടെ 6000 അഭയാര്‍ഥികളെങ്കിലും എത്തുമെന്നാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം എട്ടുലക്ഷം അഭയാര്‍ഥികളെങ്കിലും ജര്‍മനിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജര്‍മനിയിലെ മ്യൂണിച്ച് റെയില്‍വേ സ്റ്റേഷനില്‍ അഭയാര്‍ത്ഥികളെ കൈ കൊട്ടിയും പാട്ടു പാടിയുമാണ് നാട്ടുകാര്‍ സ്വീകരിച്ചത്. വിവിധ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. നവനാസി പ്രസ്ഥാനം എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നുവെന്ന് ജര്‍മന്‍ പത്രം ദെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുകൂടുതല്‍ പേര്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍നിന്ന് കാല്‍നടയായി ഓസ്ട്രിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തെത്തിയവര്‍ക്ക് അഭയാര്‍ഥികളാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കുകയോ ജര്‍മനിയിലേക്ക് പോകുകയോ ചെയ്യാമെന്ന് ഓസ്ട്രിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ യൂറോപ്പിലേക്ക് കുടിയേറുന്നത് ഹംഗറിവഴിയാണ്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഫിന്‍ലന്‍ഡും അറിയിച്ചു. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍നിന്ന് 17 കിലോ മീറ്റര്‍ അകലെ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി കഴിയാവുന്ന സൌകര്യങ്ങള്‍ ഒരുക്കിയാണ് തദ്ദേശവാസികള്‍ കാത്തുനിന്നത്. ആസ്ട്രിയന്‍ അതിര്‍ത്തി വഴി അവിടെ എത്തിയവരെ പഴങ്ങളും വെള്ളവും വസ്ത്രങ്ങളും നല്‍കിയാണ് സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :