കീടനാശിനി കണ്ടെത്തി, ഇന്ത്യന്‍ പച്ചമുളകിന് സൗദി അറേബ്യയില്‍ നിരോധനം

റിയാദ്‌| VISHNU N L| Last Modified ശനി, 13 ജൂണ്‍ 2015 (17:20 IST)
അമിതമായ തോതില്‍ കീട നാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പച്ചമുളക് ഇറക്കുമതി ചെയ്യുന്നതിന് സൌദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി.
ഇന്ത്യയില്‍നിന്നും അവസാനമായി ഇറക്കുമതി ചെയ്‌ത പച്ചമുളകുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌.

സാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയില്‍നിന്നും ഭാവിയില്‍ പച്ചക്കറി ഇറക്കുമതിചെയ്യുന്നകാര്യം അനിശ്‌ചിതത്വത്തില്‍ ആകുമെന്നും സൗദി മുന്നറിയിപ്പ്‌ നല്‍കുന്നു. രാജ്യത്തുനിന്നും ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൌദി. സൗദിയുടെ തീരുമാനങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്.

അന്താരാഷ്‌ട്ര പച്ചക്കറി വ്യാപാര രംഗത്ത്‌ ഇന്ത്യന്‍ പച്ചമുളകിന് വന്‍ ഡിമാന്‍ഡാണുള്ളത്. സൌദിയില്‍ പച്ചമുളക് നിരോധിച്ചാല്‍ ഭാവിയില്‍ ഇന്ത്യന്‍ പച്ചമുളകിന് മാര്‍ക്കറ്റില്‍ ക്ഷീണമുണ്ടാക്കും. 2013 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തുനിന്നും വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌ത പച്ചമുളകിന്റെ അളവ്‌ 181,500 ടണ്‍ ആണ്. ഇത് നഷ്ടപ്പെടുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :