പാരീസ് ഭീകരാക്രമണത്തിനെത്തിയവര്‍ കൊടും തീവ്രവാദികള്‍

പാരീസ്| vishnu| Last Updated: വ്യാഴം, 8 ജനുവരി 2015 (16:35 IST)
പാരീസിലെ ചാര്‍ലി ഹെബ്ദോയുടെ ഒഫീസിനു നേരെ നടത്തിയ ആക്രമണത്തിലെ സഹോദരങ്ങള്‍ ആയ തീവ്രവാദികളെ പിടികൂടാനായി ഫ്രഞ്ച് സുരക്ഷാ ഏജന്‍സികള്‍ രാജ്യമെങ്ങും കനത്ത പരിശോധനകള്‍ നടത്തുകയാണ്. അതിനിടെ തീവ്രവാദികള്‍ ഇറാഖ് കലാപത്തില്‍ ഉള്‍പ്പെട്ടിരുന്നവരാണ് എന്ന വിവരങ്ങളും വന്നിട്ടുണ്ട്. മൂന്നു പേരാണ് മാധ്യമ സ്ഥാപനത്തില്‍ കയറി നരനായാട്ട് നടത്തിയത്.

ഇതില്‍ പ്രായം കുറഞ്ഞ തീവ്രവാദിയായ ഹമീദ് മൊറാദ് പൊലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതില്‍ ഹമീദ് മൊറാദിന്റെ പേര് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്. എന്നാല്‍ ഇയാള്‍ വെറും കരു മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വിവരം. അക്രമത്തിലെ യഥാര്‍ഥ ക്രൂരന്മാര്‍ സഹോദരങ്ങളായ ഭീകരന്മാരാ‍ണ്.

സൈദ് കൌച്ചി, ഷെരിഫ് കൌച്ചി എന്നിവരാണവര്‍. ഇവര്‍ക്ക് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് വിവരം. രണ്ടുപേരും പാരിസുകാര്‍ തന്നെയാണ്. ഇതില്‍ ഷെരീഫ് കൌച്ചിയാണ് മുതിര്‍ന്നയാള്‍. 32 വയസാണ് ഇയാള്‍ക്കുള്ളത്. 1980ല്‍ പാരീസില്‍ തന്നെയാണ് ഇയാള്‍ ജനിച്ചതും. എന്നാല്‍ 2008ലെ ഇറാഖ് കലാ‍പ കാലത്ത് അവിടത്തെ തീവ്രവാദികളെ സഹായിച്ചതിന്റെ പേരില്‍ 18 മാസത്തോളം ഷെരീഫ് കൌച്ചി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

2008ല്‍ പാരീസിലെ മുസ്ലീങ്ങളെ ഇറാഖിലെ അമേരിക്കന്‍ പട്ടാളത്തിനെതിരെ പോരാടാനായി അയയ്ക്കുന്ന ഇസ്ലാമിക് ഗ്രൂപ്പില്‍ അംഗമായിരുന്നു. ഇറാഖില്‍ അന്ന് അമേരിക്കയ്ക്കെതിരെ നടന്ന പോരാട്ടത്തില്‍ നിന്ന് പിന്‍‌വാങ്ങി തിരികെ എത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ഇറാഖിലെ അമേരിക്കന്‍ കടന്നു കയറ്റത്തിനെതിരായ പോരാട്ടത്തില്‍ വിശ്വസിക്കുന്നതായി വിചാരണകോടതിയില്‍ അന്ന് ഷെരീഫ് പറഞ്ഞിരുന്നു.

അതേസമയം, പാരീസിലെ ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം നഗരത്തിന്‍െറ മറ്റൊരു ഭാഗത്തു നിന്നു പൊലീസ് കണ്ടെടുത്തു. യാത്രക്കിടെ ഇവര്‍ മറ്റൊരു കാര്‍ തട്ടിയെടുത്തതായും സൂചനയുണ്ട്. ഇവര്‍ ആയുധധാരികളും അപകടകാരികളും ആണെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുധനാഴ്ചയാണ് പാരിസിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫിസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മുഖ്യ പത്രാധിപര്‍ സ്റ്റീഫെന്‍ ചാര്‍പോണിയര്‍ (47), കാര്‍ട്ടൂണിസ്റ്റുകളായ കാബു, ടിഗ്നൗസ്, വോളിന്‍സ്കി എന്നിവരടക്കം 12 പേര്‍ കൊല്ലപ്പെട്ടു. 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കറുത്ത തുണികൊണ്ട് മുഖം മറച്ച്, കലാഷ്നിക്കോവ് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :