ന്യൂയോര്‍ക്ക്|
jibin|
Last Modified ബുധന്‍, 18 നവംബര്‍ 2015 (10:57 IST)
ബോംബ് ഭീഷണിയെ തുടര്‍ന്നു അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ നിലത്തിറക്കി.
എയര്‍ ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങള്‍ യാത്ര തുടരവെ അധികൃതര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു
അടിയന്തിരമായി തൊട്ടടുത്ത വിമാനത്താവളങ്ങളിലിറക്കുകയായിരുന്നു.
ലോസ്ആഞ്ജലിസില്‍ നിന്നും വാഷിങ്ടണില്‍ നിന്നുമുള്ള വിമാനങ്ങളാണ് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു അടിയന്തിരമായി ലാന്‍ഡ് ചെയ്‌തത്. ലോസ്ആഞ്ജലിസില്‍ നിന്നുമുള്ള വിമാനം സോള്‍ട്ട് ലേയ്ക്ക് സിറ്റിയിലും വാഷിങ്ടണില്‍ നിന്നുള്ള വിമാനം കാനഡയിലെ നോവ സ്‌കോട്ടിയയിലുമാണ് അടിയന്തിരമായി ഇറക്കിയത്.
വിമാനങ്ങള്‍ നിലത്തിറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണെന്ന് പറയുന്നുണ്ടെങ്കിലും ഭീകരാക്രമണ ഭീഷണി ലഭിച്ചുവെന്നാണ് നിഗമനം. വെള്ളിയാഴ്ചയാണ് ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണ പരമ്പരയില്‍ പാരിസില്‍ 129 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എല്ലായിടത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തുനു പിന്നാലെ ഇന്നു പാരീസില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായി. പൊലീസ് നടത്തിയ റെയ്‌ഡിനിടെയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. വടക്കന്‍ പാരീസിലെ സെന്റ് ഡെന്നിസിലാണു വെടിവെപ്പ് ഉണ്ടായത്. നിരവധി പൊലീസുകാര്‍ക്കു പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെയ്‌ഡിനിടെ പൊലീസിനു നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് സംഘം വെടിവെക്കുകയായിരുന്നു. രൂക്ഷമായ വെടിവെപ്പാണ് ഉണ്ടായത്. സംഭവശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. കൂടുതല്‍ പൊലീസ് സംഘം പ്രദെശത്തേക്കു നീങ്ങുകയാണ്.