ഓന്തിന്റെ നിറം മാറല്‍; മഹാരഹസ്യം ചുരുളഴിഞ്ഞു

ജനീവ| vishnu| Last Updated: ചൊവ്വ, 23 മാര്‍ച്ച് 2021 (12:13 IST)
ലോകത്തെമ്പാടുമുള്ള ശാസ്ത്രകുതുകികളില്‍ കൌതകം ഉണ്ടാക്കിയതും അതേസമയം ചുരുളഴിയാത്ത രഹസ്യമായി നിലനിന്നിരുന്നതുമാണ് സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറാനുള്ള ഓന്തിന്റെ സവിശേഷത. എന്നാല്‍ ഇപ്പോളിതാ കാലങ്ങള്‍ക്ക് ശേഷം ജന്തു ശാസ്ത്രജ്ഞര്‍ ആ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ്. അതില്‍ ഇന്ത്യാക്കാരെ സംബന്ധിച്ച് വളരെ അഭിമാനാര്‍ഹമായ സംഗതിയുണ്ട്. എന്താണെന്നൊ, രാജ്യത്തിന്റെ അഭിമാനമായ ഭൌതിക ശാസ്ത്രജ്ഞനായ സിവി രാമന്റെ തിയറിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന ‘രാമന്‍ സ്പെട്രോസ്കോപ്പ്‘ എന്ന ഉപകരണം ഉപയോഗിച്ചാണ് ഈ രഹസ്യത്തെ ഗവേഷകര്‍ അനാവരണം ചെയ്തത്.

ജനീവ സര്‍വകലാശാലാ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഓന്തിന്റെ തൊലിയിലുള്ള സൂക്ഷ്മപരലുകളുടെ പ്രത്യേകതയാണ് അവയ്ക്ക് വര്‍ണവൈവിധ്യം നല്‍കുന്നതെന്നാണ് കണ്ടെത്തല്‍. ഈ പരലുകള്‍ തമ്മിലുള്ള വിന്യാസമനുസരിച്ച് ഓന്തിന്റെ ശരീരത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം മാറിക്കൊണ്ടിരിക്കും. ഇതാണ് ഓന്തിന്റെ നിറം‌മാറ്റത്തിനു കാരണം. തന്മൂലം പച്ചതൊട്ട് ചുവപ്പുവരെയുള്ള നിറങ്ങള്‍ ഓന്തിന് ലഭിക്കും.

മഡഗാസ്‌കറില്‍ കാണുന്ന പാന്തര്‍ ഓന്തില്‍ ( Furcifer pardalis ) വര്‍ഷങ്ങളായി നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ശക്തമായ നിറംമാറ്റം പ്രകടിപ്പിക്കുന്ന ജീവിയാണ് പാന്തര്‍ ഓന്തുകള്‍. തൊലിയിലെ ക്രിസ്റ്റലുകളുടെ ക്രമീകരണം നിമിഷങ്ങള്‍ക്കകം വ്യത്യാസപ്പെടുത്തി നിറം മാറാന്‍ ഓന്തുകള്‍ക്ക് കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മൈക്കല്‍ മിലിന്‍കൊവിച്ച് ചൂണ്ടിക്കാട്ടി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :