ക്വേട്ട|
VISHNU N L|
Last Modified ശനി, 30 മെയ് 2015 (11:26 IST)
പാകിസ്ഥാനില്‍ വീണ്ടും ബസിനുനേരെ ഭീകരാക്രംണം. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. അ ഞ്ചു പേര്‍ രക്ഷപ്പെട്ടു. പാകിസ്ഥാനിലെ ക്വേട്ടയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വേട്ടയില്‍ നിന്ന് കറാച്ചിയിലേക്ക് പോയ ബസില്‍ നിന്നും യാത്രക്കാരെ പിടിച്ചിറക്കി തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ക്വേട്ടയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് മസ്തംഗ് നഗരത്തിലാണ് വെള്ളിയാഴ്ച ആക്രമണം നടന്നത്.
ബലൂചിസ്ഥാന്‍ മേഖലയിലെ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നാണ് വിവരം. സുരക്ഷാ സേനയുടെ യൂണിഫോമിലാണ് അക്രമികള്‍ എത്തിയത്. രണ്ടു ബസുകളിലായി 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരേക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സമീപത്തുള്ള കുന്നുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ബലൂചിസ്ഥാന്‍ മേഖലയില്‍ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നതിനെതിരെ ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനാണ് മറ്റുള്ളവരെത്തുന്നതെന്നാണ് ഇവരുടെ വാദം. ഇസ്‌ലാമിക ഭീകരവാദികളും ഇവിടെ ആക്രമണം പതിവാക്കിയിട്ടുണ്ട്.
കറാച്ചിയില്‍ ഈ മാസം ബസ് ആക്രമിച്ച് 43 യാത്രക്കാരെ കൊലപ്പെടുത്തിയതിനു ശേഷം നടക്കുന്ന രണ്ടമത്തെ ഭീകരാക്രമണമാണിത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.