സിംബാബ്‌വേ - പാകിസ്‌താന്‍ ക്രിക്കറ്റ്‌ മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ ഭീകരാക്രമണം

ലാഹോര്‍| VISHNU N L| Last Modified ശനി, 30 മെയ് 2015 (12:19 IST)
സിംബാബ്‌വേ പാകിസ്‌താന്‍ ക്രിക്കറ്റ്‌ കളി നടക്കുന്ന സ്‌റ്റേഡിയത്തിന്‌ സമീപം സ്‌ഫോടനം. രണ്ടുപേര്‍ മരിച്ചു. ഇരുരാജ്യങ്ങളിലെ ടീമുകള്‍ തമ്മിലുള്ള രണ്ടാം ഏകദിന മത്സരം നടക്കുന്നതിനിടെയാണ് ചാവേര്‍ സ്ഫോടനം ഉണ്ടായത്. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ സമീപം വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു സ്‌ഫോടനം.പാകിസ്‌താനില്‍ ദീര്‍ഘകാലത്തിന്‌ ശേഷം നടക്കുന്ന അന്താരാഷ്‌ട്ര മത്സരം കാണാന്‍ ഏകദേശം 20,000 പേര്‍ എത്തിയിരുന്നു. സ്‌റ്റേഡിയത്തിലേക്ക്‌ ഓടിക്കയറാന്‍ ശ്രമിച്ച ചാവേറിനെ തടഞ്ഞു നിര്‍ത്തിയ പോലീസുകാരനാണ്‌ കൊല്ലപ്പെട്ട മറ്റേയാള്‍.

എന്നാല്‍ സ്‌റ്റേഡിയത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി കൂടുതല്‍ കുഴപ്പം ഉണ്ടാകാതിരിക്കാന്‍ പാകിസ്‌താന്‍ ആദ്യം വിവരം മറച്ചു പിടിച്ചെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. സ്ഫോടന വിവരത്തിനു പകരം വൈദ്യൂത ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചതാണ്‌ എന്നായിരുന്നു ആദ്യ വിശദീകരണം. പരിഭ്രാന്തരായി സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും ഉണ്ടാകുന്നത്‌ ഒഴിവാക്കാന്‍ സ്‌ഫോടനവാര്‍ത്ത ഉടന്‍ പുറത്തുവിടരുതെന്ന്‌ അധികൃതര്‍ മാധ്യമങ്ങള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

പിന്നീട്‌ വിവരസാങ്കേതികമന്ത്രി പര്‍വേസ്‌ റഷീദ്‌ ചാവേര്‍ ആക്രമണം നടന്നതായി വ്യക്‌തമാക്കി. മത്സരത്തെ സ്‌ഫോടനം ഒരു തരത്തലും ബാധിച്ചിട്ടില്ലെന്നും സ്‌റ്റേഡിയത്തില്‍ കാണികള്‍ സുരക്ഷിതരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ ശ്രീലങ്കന്‍ കളിക്കാരെ ആക്രമിച്ച 2009 നു ശേഷം ആദ്യമായിട്ടാണ്‌ പാകിസ്‌താനില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ നടക്കുന്നത്‌. അതിലും ഭീകരാക്രണം ഉണ്ടായതിനു പിന്നാലെ മത്സരം തുടരണമോ എന്ന് സിംബാബ്‌വെ ആലോചിക്കുന്നതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :