ലാഹോര്‍|
jibin|
Last Modified ചൊവ്വ, 19 മെയ് 2015 (11:25 IST)
ആറ് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം പര്യടനത്തിന് എത്തുന്ന സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് അമേരിക്കന്‍ പ്രസിഡന്റിന് പോലും ഒരുക്കാത്തത്ര സുരക്ഷയാണ് പാകിസ്ഥാന്‍ ഒരുക്കിയിരിക്കുന്നത്. 4,000 പൊലീസുകാരാണ് സിംബാബ്‌വെ ടീം താമസിക്കുന്ന ഹോട്ടലിന് മാത്രം സുരക്ഷ ഒരുക്കുന്നത്. മഫ്‌തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ഹോട്ടലിന് പരിസരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
മത്സരവേദിയായ ഗദ്ദാഫി സ്റ്റേഡിയത്തില്‍ മെയ് 22-ന് ട്വന്റി 20 മത്സരത്തോടെയാണ് പരമ്പരയുടെ തുടക്കം. രണ്ട് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് സിംബാബ്‌വെ പാകിസ്ഥാനില്‍ കളിക്കുക. അതേസമയം അന്താരാഷ്ട്ര താരസംഘടനയും സുരക്ഷാ ഉപദേഷ്ടാക്കളും പാകിസ്താനില്‍ കളിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. അതിനാല്‍ ഔദ്യോഗിക അമ്പയര്‍മാരെ നല്‍കാന്‍ സാധിക്കില്ലെന്ന് ഐ സി സി അറിയിച്ചിരുന്നു. തുടര്‍ന്ന് പാകിസ്‌താന്‍ നിയന്ത്രിക്കുന്ന പ്രദേശിക അമ്പതര്‍മാരാകും മത്സരങ്ങള്‍ നിയന്ത്രിക്കുക. സിംബാബ്‌വെയുടെ വരവ് മറ്റു ടീമുകളുടെ വരവിന് വഴിതുറക്കുമെന്ന പ്രത്യാശയിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
2009-ല്‍ ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ് ഭീകരര്‍ ആക്രമിച്ചശേഷം മറ്റൊരു ടീമും പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. അന്ന് ഏഴ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആറ് പൊലീസുകാരും രണ്ട് വഴിയാത്രക്കാരും കൊല്ലപ്പെടുകയും ചെയ്തു. സംഭവശേഷം പാകിസ്ഥാനില്‍ അന്താരാഷ്ട്രമത്സരങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കി. പിന്നീട് പാകിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയായത് യുഎഇയാണ്.