ഒമിക്രോൺ: ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

ജോഹന്നാസ്‌ബർഗ്| അഭിറാം മനോഹർ| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (21:13 IST)
ജോഹന്നാസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിൽ വ്യാപനം രൂക്ഷമാവുന്നതിനിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ടുകൾ. ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആകെ ആളുകളുടെ പത്ത് ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കൊവിഡിന്റെ കഴിഞ്ഞ മൂന്ന് തരംഗങ്ങളേക്കാളും അതിവേഗത്തിലാണ് സൗത്താഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്.10-14 വയസ് പ്രായമുള്ള കുട്ടികളിലെ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കിനൊപ്പം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആശുപത്രി പ്രവേശനം വര്‍ധിക്കുന്നതായാണ് ശാസ്‌ത്രജ്ഞരും ആരോഗ്യപ്രവർത്തകരും പറയുന്നത്.

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹത ഇല്ലാത്തതാണ് കുട്ടികളിലെ കോവിഡ് നിരക്കില്‍ വര്‍ധനവുണ്ടാവുന്നതിന് ഒരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ രണ്ടാം സ്ഥാനത്താണ് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍. 6 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ആദ്യ വിഭാഗം എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസിൽ നിന്നുള്ള ഗവേഷക വസീല ജസത് പറഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ അല്ലെങ്കില്‍ ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന്റെ പുനര്‍ബാധ ഉണ്ടാവാന്‍ മൂന്നിരട്ടി സാധ്യത ഉണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് വ്യാഴാഴ്ച മാത്രം 11,535 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറെയും ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രഭവകേന്ദ്രമായ ഗൗഡെങ്ങിലാണ് സ്ഥിരീകരിച്ചത്. ഒരാഴ്‌ച്ചക്കിടെ അഞ്ചിരട്ടിയായാണ് കൊവിഡ് കേസുകൾ വർധിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :