നെക്‌സസ് 5ന്റെ പിന്‍‌ഗാമി വരുന്നു, സസ്പെന്‍സ് വിടാതെ ഗൂഗിള്‍

VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (18:07 IST)
ഗൂഗിളിന് വേണ്ടി എല്‍ജി നിര്‍മിച്ച നെക്‌സസ് 5 ആഗോളതലത്തില്‍ നല്ല സ്വീകാര്യത ലഭിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലായിരുന്നു. 2015 മാര്‍ച്ച് 15 ന് വില്പന അവസാനിപ്പിച്ചെങ്കിലും, നെക്‌സസ് 5 ന്റെ രണ്ടാംപതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡിന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത 'എം' വെര്‍ഷന്‍ ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും അടുത്ത പതിപ്പിലുണ്ടാവുകയെന്നാണ് വിവരം.

എല്‍ജി തന്നെയാണ് നെക്സസിന്റെ അടുത്ത പതിപ്പും പുറത്തിറക്കുക. 'ബുള്‍ഹെഡ്' എന്ന കോഡ്‌നാമത്തിലാണ് ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നത്. നെക്‌സസ് 5 (2015) ല്‍ 1440X2560 പിക്‌സല്‍ റിസൊല്യൂഷനുളള 5.7 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 പ്രൊസസര്‍, 2700 എം.എ.എച്ച്. ബാറ്ററി എന്നിവയുണ്ടാകുമെന്ന് മൊബിപിക്കര്‍ എന്ന ടെക്‌വെബ്‌സൈറ്റ് പ്രവചിക്കുന്നു.

അതേസമയം നെക്‌സസ് നിരയില്‍ നെക്‌സസ് 6 എന്ന പേരില്‍ മോട്ടോറോള ഇറക്കിയ ഫോണൊന്റെ രണ്ടാം പതിപ്പും വരുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇതിലും ആന്‍ഡ്രോയിഡ് എം വേര്‍ഷനായിരിക്കുമെന്നാണ് വിവരം. നിര്‍മ്മാതാക്കള്‍ പക്ഷെ ചൈനീസ് കമ്പനിയായ വാവേയാണ്. വാവേ ആംഗ്ലര്‍ എന്ന കോഡ്‌പേരിലാണ് കമ്പനി ഫോണ്‍ നിര്‍മ്മിക്കുന്നത്. നെക്‌സസ് 6 ന്റെ പിന്‍ഗാമിയില്‍ 1440X2560 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസര്‍, 3500 എം.എ.എച്ച്. ബാറ്ററി എന്നിവയുണ്ടാകും.

ഒക്‌ടോബറോടെ പുതിയ നെക്‌സസ് ഫോണുകളുടെ വില്പന തുടങ്ങുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചന. രണ്ടു ഫോണുകളുടെയും വിശദവിവരങ്ങളോ റിലീസിംഗ് തീയതിയോ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ടെക്‌ലോകത്ത് പരക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :