ബഹിരാകാശ ചരിത്രത്തിലെ പുതിയ ചക്രവാളം തുറന്ന് ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയില്‍

VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (14:22 IST)
1965 ജൂലൈ 14, അന്നാണ് ചൊവ്വായെന്ന ചുവന്ന ഗ്രഹത്തേക്കുറിച്ചുള്ള കൌതുകങ്ങളും ആശങ്കകളുമായി ആദ്യ ബഹിരാകാശ പേടകം മാറിനര്‍-4 ലക്ഷ്യസ്ഥാനത്ത് എത്തിയത്. എന്നാല്‍ മറ്റൊരു ജൂലൈ 14കൂടി അടുക്കുമ്പോള്‍ അതിനൊരു യാദൃഛികതകൂടിയുണ്ട്. എന്തെന്നാല്‍ മനുഷ്യ നിര്‍മ്മിതമായ ഒരു പേടകം അന്ന് വിദൂര ഗ്രഹമായ പ്ലൂട്ടോയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേരുന്ന സുദുനമാണ് ജൂലൈ 14. നാസയുടെ
ന്യൂ ഹൊറൈസണ്‍സ് പേടകം ഒമ്പതു വര്‍ഷത്തിലേറെ സമയവും അഞ്ചു ബില്യണ്‍ കിലോമീറ്ററും സഞ്ചരിച്ച് പ്ലൂട്ടോയുടെ സമീപത്തെത്തുകയാണ്.

2006 ജനുവരി 19ന് അമേരിക്കയിലെ കനാവറല്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് പേടകം വിക്ഷേപിക്കപ്പെട്ടത്. പ്ലൂട്ടോയെ അടുത്തറിയാനായി പേടകം വിക്ഷേപിക്കുമ്പോള്‍ അത് സൌരയുഥത്തിലെ ഒമ്പതാമത്തെ ഗ്രഹ്മായിരുന്നു. എന്നാല്‍
2006 ഓഗസ്റ്റ് 24നാണ് അന്താരാഷ്ട്ര ജ്യോതിശാസ്‌ത്രസമിതി വിവിധ കാരണത്താല്‍ പ്ലൂട്ടോയെ ഗ്രഹമല്ലെന്നു പ്രഖ്യാപിച്ചു. എങ്കിലും ദൌത്യം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പര്യവേക്ഷണപേടകം പ്ലൂട്ടോയിലേക്ക് എത്തുമ്പോള്‍ ശാ‌സ്‌ത്രലോകം ഒരുപാട് പ്രതീക്ഷകളിലാണ്.

സൂര്യനില്‍നിന്നു 5.9 ബില്യണ്‍ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്ലൂട്ടോയ്ക്ക് ശുഷ്കമായ അന്തരീക്ഷമാണുള്ളത്, അതിലെ അന്തരീക്ഷം അനുദിനം ശോഷിക്കുകയും ചെയ്യുന്നു. ഇത്രയും വര്‍ദ്ധിതമായ അന്തരീക്ഷശോഷണം സൗരയുഥത്തില്‍ മറ്റൊരിടത്തുമില്ല. ഇതിന്റെ ഘടനയെക്കുറിച്ച് വിലയിരുത്താന്‍ സാധിച്ചാല്‍ ഗ്രഹങ്ങളുടെ അന്തരീക്ഷ പരിണാമത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശാസ്‌ത്രജ്ഞ‌ന്‍മാര്‍ക്കു സാധിക്കും.

ഇത് കൂടാതെ നിരവധി ദൌത്യങ്ങള്‍ ന്യൂ ഹൊറൈസണിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്ലൂട്ടോയുടെ വിവിധ തലത്തിലുള്ള ചിത്രങ്ങളെടുക്കുക, സ്‌പെക്ടോമീറ്റര്‍ ഉപയോഗിച്ചു പ്ലൂട്ടോയുടെ ഭാരം, വലുപ്പം ഉള്‍പ്പടെയുള്ള കൃത്യമായ അളവുകള്‍ കണ്ടെത്തുക. ജീവന്റെ ഉല്‍പ്പത്തിക്ക് ആവശ്യമായ അസം‌സ്കൃത വസ്‌തുക്കളായ കാര്‍ബണിക തന്‍മാത്രകളെക്കുറിച്ചും ജലഹിമത്തെക്കുറിച്ചും പഠനം നടത്തുക തുടങ്ങിയവയൊക്കെയാണ് അവ.

ഇതിനായി നിരവധി ഉപകരണങ്ങളും പേടകത്തിലുണ്ട്. ഏഴു ശാസ്‌ത്രീയ ഉപകരണങ്ങള്‍ അടങ്ങിയതാണ് ന്യൂ ഹൊറൈസണ്‍സ്. ആലിസ്, റാല്‍ഫ്, ലോങ് റെയ്ഞ്ച് റെക്കണൈസന്‍സ് ഇമേജര്‍(ലോറി),, സ്വാപ്പ്, പെപ്സി, സ്റ്റ്യൂഡന്റ് ഡസ്റ്റ് കൗണ്ടര്‍ എന്നീ ഉപകരണങ്ഹളാണ് പ്ലൂട്ടോയുടെ ഉപരിതലഘടന, ഉപരിതല താപനില, അന്തരീക്ഷമര്‍ദ്ദം, അന്തരീക്ഷ താപനില എന്നിവ പഠിക്കാനായി ന്യൂ ഹൊറൈസണ്‍സില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ആലിസ്- അള്‍ട്രാവയലറ്റ് ഇമേജിങ് സ്പെക്ട്രോമീറ്ററാണ് ആലിസ്. പ്ലൂട്ടോയുടെ അന്തരീക്ഷഘടനയും അതിലെ ഘടകങ്ങളും തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം. അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെ നിരീക്ഷിച്ചു അവയുടെ ആപേക്ഷിക സാന്നിധ്യം ആലിസ് രേഖപ്പെടുത്തും. അതുവഴി പ്ലൂട്ടോയുടെ അന്തരീക്ഷ ഘടനയുടെ പൂര്‍ണമായ ചിത്രവും ആലിസ് നമുക്ക് തരും. കൂടാതെ പ്ലൂട്ടോയുടെ അന്തരീക്ഷത്തിലുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ അളവും ആലിസ് കണ്ടെത്തും.

റാല്‍ഫ്- മൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇമേജറുകളും നാലു കളര്‍ ഇമേജറുകളും ചേര്‍ന്നതാണ് റാല്‍ഫിന്റെ മള്‍ട്ട് സ്പെക്ടറല്‍ വിസിബിള്‍ ഇമേജിങ് കാമറ. കൂടാതെ ഒരു ഇന്‍ഫ്രാറെഡ് മാപ്പിംഗ് സ്പെക്ട്രോമീറ്ററും ഇതിലുണ്ട്. ന്യൂ ഹൊറൈസണ്‍സിന്റെ കണ്ണ് എന്നു വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. പ്ലൂട്ടോയുടെ വിവിധ ആംഗിളുകളിലും റെസൊല്യൂഷനിലുമുള്ള ചിത്രങ്ങള്‍ റാല്‍ഫ് രേഖപ്പെടുത്തും.

റെക്‌സ്- പ്ലൂട്ടോയിലെ അന്തരീക്ഷ താപം അറിയാന്‍ സഹായിക്കുന്ന റേഡിയോ സയന്‍ എക്‌സ്‌പെരിമെന്റ് ആണ് റെക്‌സ്. ഭൂമിയില്‍നിന്നുള്ള സിഗ്നല്‍ ഉപയോഗിച്ചായിരിക്കും ന്യൂ ഹൊറൈസണ്‍സ് പ്രവര്‍ത്തിക്കുകയെന്ന സവിശേഷതയുമുണ്ട്.

ലോറി- അതീവ സൂക്ഷ്മ ഘടകങ്ങള്‍പോലും വിശകലനം ചെയ്യാന‍് സാധിക്കുന്ന ലോങ് റെയ്ഞ്ച് റെക്കണൈസന്‍സ് ഇമേജര്‍ എന്ന ലോറി അറിയപ്പെടുന്നതുതന്നെ പേടകത്തിലെ പരുന്തിന്‍ കണ്ണ എന്നാണ്. ഇതിനകം ന്യൂ ഹൊറൈസണ്‍സ് അയച്ചുതന്ന പ്ലൂട്ടോയുടെ പുറംചിത്രങ്ങള്‍ ലോറി പകര്‍ത്തിയതാണ്. പ്ലൂട്ടോയുടെ ഉപരിതലത്തിലെ ഗര്‍ത്തങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലോറി അയയ്‌ക്കുന്ന ചിത്രങ്ങളിലൂടെ നമുക്ക് ലഭ്യമാകും.

സ്വാപ്പ്- സൂര്യനില്‍നിന്നു പുറപ്പെടു്നന ചാര്‍ജിതകണങ്ങളായ സൗരവാതങ്ങളെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് സ്വാപ്പ്. പ്ലൂട്ടോയുടെ അന്തരീക്ഷശോഷണത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാനും സ്വാപ്പിന് സാധിക്കും.

പെപ്‌സി- പ്ലൂട്ടോയുടെ അന്തരീക്ഷ സാന്ദ്രത, ചാര്‍ജിത കണങ്ങളുടെ സ്വഭാവം എന്നിവ കണ്ടെത്തുകയാണ് പെപ്‌സി എന്ന സ്‌പെക്ട്രോമീറ്ററിന്റെ ഉദ്യമം. പ്ലൂട്ടോയുടെ അന്തരീക്ഷത്തിനു പുറത്തുള്ള നൈട്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ്, മീഥേന്‍ എന്നിവയുടെ അളവ് തിരിച്ചറിയാനും ഈ സ്‌പെക്‌ട്രോമീറ്ററിന് സാധിക്കും.

ഡസ്റ്റ് കൗണ്ടര്‍- ന്യൂ ഹൊറൈസണ്‍സിന്റെ യാത്രയ്‌ക്കിടയില്‍ സമീപത്തുണ്ടാകുന്ന വാല്‍നക്ഷത്രങ്ങളുടെ കൂട്ടിയിടി മൂലം രൂപപ്പെടുന്ന ചെറുകണങ്ങളെക്കുറിച്ച് മനസിലാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി കൂട്ടിയിടിയുടെ തോത് കണക്കാക്കാന്‍ ഇതിന് സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :