കാഠ്മണ്ഡു|
VISHNU N L|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (14:56 IST)
നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വന്ന ശേഷം നടന്ന ആദ്യ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ മുന്‍ മാവോവാദി നേതാവായ ഖഡ്കപ്രസാദ് ശര്‍മ ഓലിക്ക് വന്‍ വിജയം. മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കോണ്‍ഗ്രസ് (എന്‍സി) നേതാവുമായ സുശീല്‍ കൊയ്‌രാളയെയാണ് ശര്‍മ ഓലി പരാജയപ്പെടുത്തിയത്.സിപിഎന്‍ യുഎംഎല്‍ ചെയര്‍മാനായ ശര്‍മ ഓലിക്ക് ഇടത് മവോയിസ്റ്റ് സംഘടനകളായ യുസിപിഎന്‍, രാഷ്ട്രീയ പ്രജതന്ത്ര പാര്‍ട്ടി, മാധേശി ജനാധികാര്‍ ഫോറം ഡെമോക്രാറ്റിക് എന്നീ സംഘടനകളുടെയും മറ്റ് ചില പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്.
587 അംഗ പാര്‍ലമെന്‍റില്‍ 338 വോട്ടുകളാണ് ശര്‍മ നേടിയത്. പുതിയ സര്‍ക്കാറുണ്ടാക്കാന്‍ 299 വോട്ടുകള്‍ മതിയെങ്കിലും 39 വോട്ടുകള്‍ അധികം നേടിയാണ് ശര്‍മ ഓലി പ്രധാനമന്ത്രിപദത്തിലത്തെുന്നത്. സുശീല്‍ കൊയ്‌രാള 249 വോട്ടുകള്‍ നേടി. പുതിയ ഭരണഘടനക്കെതിരെ മാധേശി വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തിനെതിരെ പാര്‍ലമെന്‍റില്‍ സമവായം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമായത്.
2006ല്‍ ഗിരിജ പ്രസാദ് കൊയ്‌രാളയുടെ ഇടക്കാല മന്ത്രിസഭയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും ശര്‍മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991, 94, 99 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ പാര്‍ലമെന്‍റ് മെംബറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994ല്‍ മന്‍മോഹന്‍ അധികാരി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ശര്‍മ.