ജീവിക്കാനായി നേപ്പാളികള്‍ വൃക്ക വില്‍ക്കുന്നു...!

കാഠ്‌മണ്ഡു| VISHNU N L| Last Updated: ശനി, 11 ജൂലൈ 2015 (16:03 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ സാമ്പത്തിക പ്രതിസന്ധിയും ജീവിതവും തകര്‍ന്നു കൊണ്ടിരിക്കുന്നതിനിടെ അതിജീവനത്തിനായി പൊരുതുന്ന നേപ്പളികള്‍ സ്വന്തം വിറ്റ് പണം സമ്പാദിക്കുന്നതായി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. കുടുംബത്തെ സംരക്ഷിക്കാനും വീടു വെയ്‌ക്കാനും വേണ്ടിയാണ് ഇവര്‍ വൃക്ക വില്‍ക്കുന്നത്.

ഇന്ത്യയില്‍ എത്തിയാണ് ഭൂരിഭാഗം പേരും വൃക്ക വില്‍ക്കാന്‍ തയ്യാറെടുക്കുന്നത്. നേപ്പാളിലെ ഹോക്‌സേ ഗ്രാമത്തില്‍
നിന്നുള്ളവരാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് ഇതിനായി എത്തുന്നത്. ഒരുലക്ഷം ഇന്ത്യന്‍ രൂപയാണ് ഇവര്‍ക്ക് വൃക്ക വില്‍ക്കുന്നതിലൂടെ ലഭിക്കുന്നത്. അതിനാല്‍ പല യുവാക്കളും കൂട്ടത്തോടെ എത്തുന്നതായാണ് വിവരം. വൃക്ക വില്‍ക്കാന്‍ തയ്യാറായതിനാല്‍ ഹോക്സേ ഗ്രാമത്തിന് 'കിഡ്‌നി ഗ്രാമം' എന്ന ഓമനപ്പേര്‌ വീണുകഴിഞ്ഞു.

വൃക്കനല്‍കാന്‍ തയ്യാറായി നേപ്പാളി യുവാക്കളില്‍ പലരും മുന്നോട്ട്‌ വന്നതോടെ പത്തുവര്‍ഷമായി കിഡ്‌നി ഗ്രാമത്തിലെ നിരന്തര സന്ദര്‍ശകര്‍ ആയിരുന്ന അവയവ ബ്രോക്കര്‍മാരും റാക്കറ്റുകളും സജീവമായി രംഗത്തുണ്ട്‌. അവയവ ബ്രോക്കര്‍മാര്‍ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും വശത്താക്കാന്‍ പലതരം തന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്‌. ദക്ഷിണേന്ത്യയിലാണ്‌ നേപ്പാളികളുടെ അവയവ വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

മാസങ്ങള്‍ക്ക്‌ മുമ്പുണ്ടായ അതിശക്‌തമായ ഭുകമ്പത്തില്‍ പലരുടെയും വീട്‌ തവിടു പൊടിയായിരുന്നു. പലരും ചാക്കും ടാര്‍പോളിനും കൊണ്ട്‌ മറച്ച താല്‍ക്കാലിക ഷെഡ്‌ഡുകളിലാണ്‌ കഴിയുന്നത്‌. അവയവ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം വീടു നിര്‍മ്മിക്കാമെന്നും ഭാവിജീവിതം കരുപ്പിക്കാമെന്നുമാണ്‌ പലരും കരുതുന്നത്‌. ചില കുടുംബങ്ങളില്‍ ഭര്യയും ഭര്‍ത്താവും വരെ വൃക്ക വിറ്റ് ജീവിതം രക്ഷിക്കാന്‍ ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍.

2007 ല്‍ നേപ്പാളീസ്‌ സര്‍ക്കാര്‍ കിഡ്‌നി വില്‍പ്പനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂകമ്പം ഈ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന തരത്തിലായിക്കഴിഞ്ഞു, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതായിരിക്കുകയാണ്. ഏപ്രില്‍ 25 ന്‌ ഉണ്ടായ ഭൂകമ്പത്തില്‍ നേപ്പളില്‍ 8,800 പേരാണ്‌ മരണമടഞ്ഞത്‌. 23,000 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. അതേസമയം വൃക്ക വിറ്റ പണം കൊണ്ട് പലരും വീട് നിര്‍മ്മാണവും മറ്റും പൂര്‍ത്തിയാക്കുന്നതുകണ്ട് മറ്റുള്ളവരും ഈ പാത തെരഞ്ഞെടുക്കുകയാണെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :