ദുരൂഹ സാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി, പിന്നാലെ ഛര്‍ദിയും തലകറക്കവും; മങ്കി ബി വൈറസ് ബാധിച്ച് മരിച്ചത് മൃഗഡോക്ടര്‍

രേണുക വേണു| Last Modified തിങ്കള്‍, 19 ജൂലൈ 2021 (12:51 IST)

അമേരിക്കയിലെ ടെക്‌സസില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ചൈനയിലെ ബെയ്ജിങ്ങില്‍ ഒരാള്‍ മങ്കി ബി വൈറസ് (BV) ബാധിച്ച് മരിച്ച വാര്‍ത്ത പുറത്തുവരുന്നത്. ബെയ്ജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 53 കാരനായ മൃഗഡോക്ടറുടെ മരണമാണ് മങ്കി ബി വൈറസ് ബാധിച്ചാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

മൃഗഡോക്ടര്‍ക്ക് നേരത്തെ മങ്കി ബി വൈറസിന്റെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. തലകറക്കം, ഛര്‍ദി, കടുത്ത പനി എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളെ ഈ മൃഗഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. മാര്‍ച്ച് ആദ്യ വാരത്തിലായിരുന്നു പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ഇതിനു പിന്നാലെയാണ് ഇയാള്‍ക്ക് കടുത്ത പനിയും ഛര്‍ദിയും തലകറക്കവും തുടങ്ങിയത്. ഒന്നിലേറെ ആശുപത്രികളില്‍ ഇയാള്‍ ചികിത്സ തേടി. ഒടുവില്‍ മേയ് 27 ന് മരിച്ചു. കുരങ്ങുകളില്‍ നിന്നാണ് മൃഗഡോക്ടര്‍ക്ക് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. മരിച്ച ഡോക്ടറുടെ വീട്ടില്‍ ഉള്ളവര്‍ക്കൊന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചിട്ടില്ല.

ആദ്യമായാണ് ഈ വൈറസ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ഇദ്ദേഹത്തില്‍ നിന്ന് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :