മോഡിയുടെ ചൈനാ സന്ദര്‍ശനം ചീറ്റി, ഇന്ത്യ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍ ചൈന തള്ളിക്കളഞ്ഞു

ബീജിംഗ്| VISHNU N L| Last Modified വ്യാഴം, 4 ജൂണ്‍ 2015 (17:17 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈനാ സന്ദര്‍ശനം കാര്യമായ പ്രയോജനം ഉണ്ടാക്കിയിട്ടില്ലെന്ന് സൂചന. സന്ദര്‍ശന വേളയില്‍ മൊഡി മുന്നോട്ട് വെച്ച ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും തള്ളിക്കളഞ്ഞതായാണ് വാര്‍ത്തകള്‍. പാക് അധീന കശ്മീരിലെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി തര്‍ക്കം, സൗത്ത് ചൈന കടലില്‍ എണ്ണ പര്യവേഷണം തുടങ്ങിയ സുപ്രധാന കാര്യങ്ങളിലാണ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ചൈന തള്ളിക്കളഞ്ഞത്.

പാക് അധീന കശ്മീരില്‍ ചൈന നടത്തുന്ന നിക്ഷേപം നിര്‍ത്തിവയ്ക്കണമെന്ന മോഡിയുടെ ആവശ്യമാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഇന്ത്യയുടെ ആശങ്കയെ കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍ ചൈനയുടെ പദ്ധതികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ളതാണെന്നും അവിടെ ചൈനയുടെ വാണിജ്യപരമായ ഒരു പ്രവര്‍ത്തനവുമുണ്ടാകില്ലെന്നുമാണ് ചൈനയുടെ നിലപാട്. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ അഫേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹ്യുവാങ് സിലിയാന്‍ ആണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍.എ.സി)യില്‍ കൃത്യത വരുത്തണമെന്ന മോഡിയുടെ അഭ്യാര്‍ത്ഥനയും ചൈന തള്ളി. എല്‍എസിയില്‍ വ്യക്തത വരുത്തേണ്ടതിലുപരി അതിര്‍ത്തിയില്‍ സമാധാനം പുലരേണ്ടതിനുള്ള പെരുമാറ്റച്ചട്ടമാണ് പാലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മോഡിയുടെ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൈന നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതിന് സമഗ്രമായ നടപടികള്‍ ആവശ്യമാണ്. അതിനായി പെരുമാറ്റചട്ട കരാറില്‍ എത്തുകയാണ് വേണ്ടതെന്നും ഹ്യുവാങ് പറഞ്ഞു.

കൂടാതെ സൗത്ത് ചൈന കടലില്‍ എണ്ണ പര്യവേഷണം നടത്തണമെന്ന ഇന്ത്യയുടെ ആവശ്യവും ചൈന നിഷേധിച്ചു. സൗത്ത് ചൈന കടലിലെ ഇന്ത്യയുടെ എണ്ണ പര്യവേഷണത്തെ ചൈന എതിര്‍ക്കും. തര്‍ക്ക വിഷയത്തിലുള്ള മേഖലയായതിനാലാണെന്നും ഹ്യൂവാങ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മോഡി നടത്തിയ മൂന്നു ദിവസത്തെ പര്യടനത്തില്‍ ഇക്കാര്യങ്ങളിലെല്ലാം ചൈനീസ് സര്‍ക്കാരുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :