ഭരണപരിഷ്‌കാരത്തിനാണ് തന്റെ സർക്കാർ മുൻഗണന കൊടുക്കുന്നതെന്ന് നരേന്ദ്ര മോഡി

ന്യൂയോർക്ക്| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (12:21 IST)
ഭരണപരിഷ്‌കാരത്തിനാണ് തന്റെ സർക്കാർ മുൻഗണന കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിദേശ നിക്ഷേപകർക്കായി ഇന്ത്യയുടെ വാതിൽ തുറന്നു കിടക്കുകയാണെന്നും മോഡി പറഞ്ഞു. ന്യൂയോർക്കിൽ വിവിധ അമേരിക്കൻ കമ്പനി സിഇഒകളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

ഭരണ പരിഷ്കരണത്തിനാണ് ഇപ്പോൾ ഞാൻ മുൻഗണന നൽകുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കുക, തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുക, സുതാര്യത വർധിപ്പിക്കുക, ഉത്തരവാദിത്തപൂർണമായ കൃത്യനിർവഹണം തുടങ്ങിയവയ്ക്കാണ് രാജ്യം പ്രാമുഖ്യം നൽകുന്നതെന്നും മോഡി പറഞ്ഞു.

ലോകത്തെല്ലായിടത്തും വിദേശനിക്ഷേപ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിൽ വിദേശനിക്ഷേപത്തിൽ നാൽപ്പത് ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് മോഡി പറഞ്ഞു. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസമുണ്ടാക്കുന്നതാണെന്നും മോഡി കൂട്ടിച്ചേ‌ർത്തു.

ഇന്ത്യയുമായി ബന്ധപ്പെട്ട് ഓരോ കമ്പനികൾക്കുമുള്ള കാഴ്ചപാടുകൾ യോഗത്തിൽ മേധാവികൾ അവതരിപ്പിച്ചു. ഇന്ത്യയിൽ തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള മാർഗങ്ങളും അവർ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പിന്നീട് മാധ്യമപ്രവർത്തകരെ അറിയിച്ചു.

ഫോർഡ് സിഇഒ മാർക്ക് ഫീൽഡ്സ്, ഐബിഎം ചെയർമാൻ ഗിന്നി റൊമറ്റി, പെപ്‌സി കോ - ചീഫ് ഇന്ദ്ര നൂയി എന്നിവരുൾപ്പടെ ഫോർച്യൂൺ 500 പട്ടികയിലുള്ള 40ഓളം കമ്പനി മേധാവികൾ യോഗത്തിലും അത്താഴവിരുന്നിലും പങ്കെടുത്തു. യോഗത്തിൽ മോഡി നടത്തിയ വസ്തുതാ വിവരണം മോഡി സർക്കാരിന്റെ നയങ്ങളിലെ സുതാര്യതയാണ് വ്യക്തമാക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത സിഇഒമാർ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :