ലോസ് ആഞ്ചലസ്|
VISHNU N L|
Last Modified ചൊവ്വ, 5 മെയ് 2015 (19:14 IST)
മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ഗതിവേഗം കൂട്ടുന്ന പുതിയ യന്ത്രം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ
നാസ വികസിപ്പിച്ചെടുത്തു. ഈ യന്ത്രം ഉപയോഗിച്ച് ഒരു ബഹിരാകാശ വാഹനം പ്രവര്‍ത്തിപ്പിച്ചാല്‍ എഴുപത് ദിവസങ്ങള്‍കൊണ്ട് ഒരു പേടകത്തെ ചൊവ്വയില്‍ എത്തിക്കാന്‍ സാധിക്കും എന്നാണ് നാസ അവകാശപ്പെടുന്നത്. 'ഇലക്ട്രോമാഗ്നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്' (ഇഎം ഡ്രൈവ്) എന്ന് പേരുള്ള എഞ്ചിന്റെ പരീക്ഷണമാണ് നാസ നടത്തിയിരിക്കുന്നത്. സാധാരണ ഗതിയില്‍ റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന റോക്കറ്റ് ഇന്ധനം ഉപയോഗിക്കാതെ പ്രവര്‍ത്തിക്കും എന്നതാണ് ഈ യന്ത്രത്തിന്റെ സവിശേഷത.
നാസയുടെ 'ഈഗിള്‍വര്‍ക്ക് ലബോറട്ടറി'യിലെ എന്‍ജിനിയര്‍മാരാണ്
ഈ യന്ത്രം പരീക്ഷിച്ചത്. ശൂന്യാകാശത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണ് നാസയിലെ ശാസ്ത്രജ്ഞര്‍ യന്ത്രം പരീക്ഷിച്ചത്. മാസങ്ങളായി പുതിയ യന്ത്രം ശൂന്യതയില്‍ പ്രവര്‍ത്തിപ്പിച്ച് അതിന്റെ കുഴപ്പം കണ്ടെത്താന്‍ നാസയിലെ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍, അടിസ്ഥാനപരമായി എന്തെങ്കിലും കുഴപ്പം ഇതുവരെയും കണ്ടെത്താനായില്ലെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു. കൃത്രിമമായി സൃഷ്ടിച്ച ശൂന്യസ്ഥലത്ത് വരുംനാളുകളിലും അവര്‍ യന്ത്രം പരീക്ഷിച്ച്, അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കും.
ശാസ്ത്രലോകം ഇനിയും പൂര്‍ണമായി അംഗീകരിക്കാത്ത ഒരു വിവാദ സങ്കേതമാണ് ഇഎം ഡ്രൈവ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ റോജര്‍ ഷായര്‍ ആണ് ഇഎം ഡ്രൈവ്
കണ്ട്പിടിക്കുന്നത്. ചലനവുമായി ബന്ധപ്പെട്ട 'ചലന സംരക്ഷണ നിയമം' ('law of conservation of momentum') ഈ യന്ത്രം പിന്തുടരുന്നില്ല അല്ലെങ്കില്‍ ആ നിയമത്തിന്റെ വ്യവസ്ഥകള്‍ വച്ച് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ഇന്നേവരെ സാധിച്ചിട്ടുമില്ല.
ചലന നിയമം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഒരു പ്രൊപ്പല്ലന്റ് ( propellant ) ഉപയോഗിച്ച് ത്വരിപ്പിച്ചാലേ ഒരു വാഹനം എതിര്‍ദിശയില്‍ സഞ്ചരിക്കൂ. ഇഎം ഡ്രൈവിന് മുന്നോട്ട് ചലിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പല്ലിന്റിന്റെ ആവശ്യമില്ല എന്നതാണ് വിവാദത്തിന്റെ കാതല്‍. വൈദ്യുതകാന്തിക തരംഗങ്ങളെ ആശ്രയിച്ചാണ് അത് മുന്നോട്ട് കുതിക്കുന്നത്.
ശാസ്ത്രകല്‍പ്പിത കഥകള്‍ക്ക് തുല്യമാണ് നാസ ഗവേഷകര്‍ പറയുന്ന സംഗതികളെന്ന് ചില പ്രമുഖ ഗവേഷകര്‍ പറയുന്നു. വിജയിച്ചുവെന്ന് പറയുന്ന യന്ത്രം പ്രയോഗതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് നാസ.
ഇഎം ഡ്രൈവ് കരുത്തുപകരുന്ന ഒരു 2 മെഗാവാട്ട് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വാഹനത്തിന് സഞ്ചാരികളെയും വഹിച്ച് 70 ദിവസംകൊണ്ട് ഭൂമിയില്‍നിന്ന് ചൊവ്വായിലെത്താന്‍ കഴിയുമെന്നും സൂര്യനില്‍നിന്ന് 4.37 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആല്‍ഫ സെന്റുറി നക്ഷത്രത്തിലെത്താന്‍ ഈ വാഹനത്തില്‍ സഞ്ചരിച്ചാല്‍ 92 വര്‍ഷം മതിയെന്നും ഗവേഷകര്‍ പറയുന്നു!
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.